'സൗഹൃദ മത്സരങ്ങൾ ഫുട്ബോളിന് ദീർഘകാല നേട്ടം ഉണ്ടാക്കില്ല'; ഇന്ത്യ - ബ്രസീൽ സൗഹൃദ മത്സരത്തിൽ നിഖിൽ പൂജാരി

ഈ സൗഹൃദ മത്സരത്തെ സ്വാഗതം ചെയ്യുന്നതായിരുന്നു മോഹൻ ബഗാന്‍റെ മുൻ ബ്രസീലിയൻ താരം ജോസ് ബരേറ്റോയുടെ പ്രതികരണം

ഇന്ത്യ - ബ്രസീൽ സൗഹൃദ മത്സരത്തെക്കുറിച്ച് പല വിധത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. അനുകൂലിച്ചും, പ്രതികൂലിച്ചും ഉള്ള പ്രതികരണങ്ങളാണ് ഇപ്പോൾ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം നിഖിൽ പൂജാരി. ഇത്തരം സൗഹൃദ മത്സരങ്ങൾ ഫുട്ബോളിന് ദീർഘകാല നേട്ടം ഉണ്ടാക്കില്ല എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

'അടിസ്ഥാന വികസനം മറന്നുള്ള ഇത്തരം സൗഹൃദ മത്സരങ്ങൾ ഫുട്ബോളിന് ദീർഘകാല നേട്ടം ഉണ്ടാക്കില്ല', ഇന്ത്യൻ ഫുട്ബോളർ നിഖിൽ പൂജാരി തുറന്നുപറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയുടെ താരമാണ് നിഖിൽ പൂജാരി. അതേസമയം, ഈ സൗഹൃദ മത്സരത്തെ സ്വാഗതം ചെയ്യുന്നതായിരുന്നു മോഹൻ ബഗാന്‍റെ മുൻ ബ്രസീലിയൻ താരം ജോസ് ബരേറ്റോയുടെ പ്രതികരണം. ലോകോത്തര താരങ്ങൾ ഉൾപ്പെടുന്ന ബ്രസീൽ ടീം ഇന്ത്യയിലെത്തി പന്ത് തട്ടുന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം തന്നെയായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ആകെ മൊത്തം കളിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

Content highlight: Nikhil Poojary criticizes friendly matches amid Indian football crisis

To advertise here,contact us