ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ജംഷെഡ്പൂര്‍ എഫ്.സിയെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ടാറ്റ ഗ്രൂപ്പ് പുനരാലോചന നടത്തണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. ടാറ്റയുടെ ഈ തീരുമാനം ഇന്ത്യന്‍ ഫുട്ബോളിന് വന്‍ തിരിച്ചടിയാണെന്ന് ഛേത്രി വിശേഷിപ്പിച്ചു.
ജംഷെഡ്പൂര്‍ എഫ്.സിയുടെ ഐ.എസ്.എല്‍ എക്സിറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പ്രതികരണം അറിയിച്ചത്. ടാറ്റ ഗ്രൂപ്പ് ഇന്ത്യന്‍ കായികരംഗത്തിനും പ്രത്യേകിച്ച് ഫുട്ബോളിനും നല്കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ അദ്ദേഹം, ഈ തീരുമാനം തന്നെ മാനസികമായി തകര്‍ത്തുവെന്നും കൂട്ടിച്ചേര്‍ത്തു. 'ടാറ്റ ഗ്രൂപ്പ് ജംഷെഡ്പൂര്‍ എഫ്.സിയെ ഐ.എസ്.എല്ലില്‍ നിന്ന് പിന്‍വലിക്കുന്നു എന്ന വാര്‍ത്ത എന്റെ നെഞ്ചിലേറ്റ വലിയൊരു പ്രഹരമായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഈ തീരുമാനം അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു എന്ന് എനിക്കറിയാം. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായപ്പോള്‍, സങ്കല്പ്പിക്കാന് പോലും കഴിയാത്ത ഒന്നായി മാറി,' -ഛേത്രി കുറിച്ചു.
ടാറ്റ അക്കാദമിയും ജംഷെഡ്പൂര്‍ എഫ്.സിയും കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി രാജ്യത്തിന് നല്കിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ടാറ്റ ഫുട്ബോള്‍ അക്കാദമി പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഫുട്ബോളിന്റെ നട്ടെല്ലാണ്. രാജ്യത്തെ ഏറ്റവും മികച്ച നിരവധി താരങ്ങളെ ഉല്‍പ്പാദിപ്പിച്ച പാരമ്പര്യം അവര്‍ക്കുണ്ട്. ഐ.എസ്.എല്ലിലേക്ക് ജംഷെഡ്പൂര്‍ എഫ്.സി എത്തിയപ്പോള്‍ അത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. അക്കാദമി തലത്തില്‍ മാത്രമല്ല, ഏറ്റവും മികച്ച പ്രൊഫഷണല്‍ ലീഗിലും കളിക്കാന്‍ അവിടുത്തെ കളിക്കാര്‍ക്ക് അത് അവസരമൊരുക്കി,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലബ്ബിനെ പിന്‍വലിക്കുന്നത് കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ആരാധകരെയും മാത്രമല്ല, ജാര്‍ഖണ്ഡിലെ ഫുട്ബോളിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന് ഛേത്രി ആശങ്ക പ്രകടിപ്പിച്ചു. 'ടീമിലെ ഓരോ കളിക്കാരോടും, സപ്പോര്‍ട്ട് സ്റ്റാഫിനോടും, ആരാധകരോടും ജംഷെഡ്പൂരിലെ ജനങ്ങളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ; നിങ്ങളുടെ നിരാശയും വിഷമവും എനിക്ക് മനസ്സിലാകും. ഇത് കേവലം ഒരു ക്ലബ്ബിന്റെ നിര്‍ണായക തീരുമാനമല്ല, മറിച്ച് അവിടുത്തെ ഫുട്ബോള്‍ സംസ്കാരത്തെയും പ്രതീക്ഷകളെയുമാണ് ബാധിക്കുന്നത്,' ഛേത്രി പറഞ്ഞു. ടാറ്റ മാനേജ്മെന്റിനോടും ഗ്രൂപ്പ് നേതൃത്വത്തോടും തീരുമാനം പുനഃപരിശോധിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. 'ദയവായി ഈ തീരുമാനം ഒന്നുകൂടി പുനഃപരിശോധിക്കണം. ജംഷെഡ്പൂര്‍ എഫ്.സിയെയും അവിടുത്തെ ഫുട്ബോള്‍ സ്വപ്നങ്ങളെയും മുന്നോട്ട് കൊണ്ടുപോകാന്‍ ഏതെങ്കിലും തരത്തിലുള്ള വഴി കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രത്യാശ' -ഛേത്രി കൂട്ടിച്ചേര്‍ത്തു. 2017-ലാണ് ജംഷെഡ്പൂര്‍ എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമാകുന്നത്. 2021-22 സീസണില്‍ ഐ.എസ്.എല്‍ ലീഗ് ഷീല്‍ഡ് നേടാനും ക്ലബ്ബിന് സാധിച്ചിരുന്നു. ക്ലബ്ബിന്റെ പെട്ടെന്നുള്ള പിന്മാറ്റം കായികലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
content highlights: 'A Blow to the Heart': Sunil Chhetri on Jamshedpur FC's Withdrawal