'മെസിക്ക് വേണ്ടി ഞങ്ങളെ ചതിച്ചു'; റഫറിയിങ്ങിനെ വിമര്‍ശിച്ച് ഈജിപ്ഷ്യന്‍ കോച്ച്

മത്സരത്തിൽ മെസിയും സംഘവും നടത്തിയ തിരിച്ചുവരവിനേക്കാള്‍ മത്സരത്തിലെ ചില വാര്‍ തീരുമാനങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ മിന്നും കംബാക്ക് ജയമാണ് അർജന്റീന നേടിയത്. എന്നാൽ മത്സരത്തിൽ മെസിയും സംഘവും നടത്തിയ തിരിച്ചുവരവിനേക്കാള്‍ മത്സരത്തിലെ ചില വാര്‍ തീരുമാനങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

അര്‍ജന്റീനയോട് 3-2ന് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ, കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യപരിശീലകന്‍ ഹോസം ഹസ്സന്‍ രംഗത്തെത്തി. മത്സരത്തില്‍ തങ്ങള്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടെന്നും, ലോക ചാംപ്യന്മാരായ അര്‍ജന്റീനയെയും സൂപ്പര്‍ താരം ലയണല്‍ മെസിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ബോധപൂര്‍വ്വം ശ്രമിച്ചതായും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാല്‍ അവസാന 13 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ റഫറിയുടെ പല തീരുമാനങ്ങളും തങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്ന് ഹോസം ഹസ്സന്‍ ചൂണ്ടിക്കാട്ടി. ഈജിപ്ത് 1-0ന് മുന്നില്‍ നില്‍ക്കുമ്പോള്‍ മുസ്തഫ സിക്കോ നേടിയ ഗോള്‍, മൂവ് തുടങ്ങുന്നതിന് വളരെ മുന്‍പ് മാര്‍ട്ടീനസിനെ ഫൗള്‍ ചെയ്തു എന്ന് കാണിച്ച് വാര്‍ പരിശോധനയിലൂടെ റഫറി റദ്ദാക്കി.

അര്‍ജന്റീനയുടെ വിജയഗോളിന് തൊട്ടുമുന്‍പ് ബോക്‌സിനുള്ളില്‍ വെച്ച് ഈജിപ്ഷ്യന്‍ താരം ഹംദി ഫത്തിയെ അര്‍ജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റര്‍ ജേഴ്‌സിയില്‍ പിടിച്ച് വലിച്ചിട്ടിട്ടും റഫറിയോ വാര്‍ സംവിധാനമോ അത് പരിശോധിക്കാന്‍ പോലും തയ്യാറായില്ലെന്ന് ഹസ്സന്‍ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ മുസ്തഫ ഷൊബൈറിന് മഞ്ഞക്കാര്‍ഡും സപ്പോര്‍ട്ടിങ് സ്റ്റാഫിന് ചുവപ്പുകാര്‍ഡും ലഭിച്ചിരുന്നു.

content highlights: egyptian coach criticizes referee ove messi bias

To advertise here,contact us