ഫുട്ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ യുകെ ആകെ ചൂടിലേക്ക് പോവുകയാണ്. മത്സരത്തിന്റെ ആവേശത്തിലേക്ക് കടക്കുകയാണ് രാജ്യമൊന്നാകെ. ജൂലായ് ആറിന് പുലര്‍ച്ചെ ഇംഗ്ലണ്ട് മെക്സിക്കോയെ നേരിടുന്ന പശ്ചാത്തലത്തില്‍, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബുകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തനസമയം നീട്ടിനല്കിയിരിക്കുകയാണ് യുകെ സര്‍ക്കാര്‍. മത്സരം മത്സരം തീരുന്നതുവരെ ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ ലൈസന്‍സിങ് നിയമങ്ങളില്‍ താത്കാലിക ഇളവ് അനുവദിച്ചു. മത്സരാവസാനംവരെ ആരാധകര്‍ക്ക് തടസ്സമില്ലാതെ കളി കാണാന്‍ ഇതുവഴി സാധിക്കുമെന്നും പബ്ബുകള്‍ നേരത്തേ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകില്ലെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ച അറിയിച്ചു.
ഇളവ് നിലവില്‍ വന്നതോടെ, സാധാരണ സമയ പരിധിക്കപ്പുറം മദ്യം വിളമ്പുന്നതിനായി പബ്ബുകള്‍ക്കും ബാറുകള്‍ക്കും ഇനി പ്രത്യേക അനുമതി തേടി വ്യക്തിഗതമായി അപേക്ഷിക്കേണ്ടതില്ല. മെക്സിക്കോ സിറ്റിയില്‍ യുകെ സമയം പുലര്‍ച്ചെ ഒന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം കാണാന്‍ പബ്ബുകളിലും ബാറുകളിലും വലിയ ജനക്കൂട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ അഞ്ചുവരെയാണ് ബാറുകളും പബ്ബുകളും തുറക്കാനുള്ള അനുമതി നല്‍കിയത്. അന്താരാഷ്ട്ര തലത്തിലോ ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ ഉള്ള സവിശേഷവും പ്രാധാന്യമര്‍ഹിക്കുന്നതുമായ അവസരങ്ങളില്‍ ലൈസന്‍സിങ് സമയം നീട്ടാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിയമപരമായ അധികാരമുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് പുതിയ ഉത്തരവ്.
നേരത്തെ രാത്രി 10 മണിക്ക് മുന്‍പ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ മറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്കും സമാനമായ രീതിയില്‍ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ നിര്‍ണായക മത്സരം കാണാന്‍ ജനം ആവേശത്തോടെ കാത്തിരിക്കുമ്പോഴാണ് പുതിയ തീരുമാനം.
content highlights: Watch the World Cup with full spirits; Prime Minister grants permission to open bars late