14-ാം മിനിറ്റില്‍ നേടിയ ഒരേയൊരു ഗോള്‍, ആ ഗോളിന്റെ ബലത്തില്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നുകയറി കൊളംബിയ. ജോണ്‍ അരിയാസിന്റെ ഗോളാണ് കൊളംബിയയെ തുണച്ചത്. മത്സരത്തില്‍ തികച്ചും കൊളംബിയന്‍ ആധിപത്യമായിരുന്നു. എന്നാല്‍ പലപ്പോഴായി ഘാന തിരിച്ചടികള്‍ക്ക് ഒരുങ്ങിയെത്തി. എന്നാല്‍ എല്ലാം പ്രതിരോധിച്ച് കൊളംബിയ മികച്ചുനിന്നു. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയാണ് കൊളംബിയയ്ക്ക് നേരിടേണ്ടത്.
14-ാം മിനിറ്റിലാണ് കൊളംബിയയുടെ വിജയഗോള്‍. പരിക്കേറ്റ കോര്‍ഡോബയ്ക്ക് പകരം കളത്തിലിറങ്ങിയ ലൂയിസ് സുവാരസ് വലതുഭാഗത്തുനിന്ന് നല്കിയ മികച്ചൊരു ക്രോസ് സ്വീകരിച്ചാണ് അരിയാസ് പന്ത് വലയിലെത്തിച്ചത്. ഇതോടെയാണ് ടീം ആത്മവിശ്വാസത്തോടെ കളിതുടങ്ങിയത്. കൊളംബിയയുടെ കോര്‍ഡോബയും ഘാനയുടെ സെനായയും പരിക്കിനെത്തുടര്‍ന്ന് ആദ്യ 15 മിനിറ്റിനുള്ളില്‍തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടിരുന്നു. ഘാന താരം ഒപോകുവിന്റെ മുന്നേറ്റം തടയുന്നതിനിടെയാണ് കൊര്ഡോബയ്ക്ക് പരിക്കേറ്റത്. തുടര്‍ന്നാണ് കൊളംബിയയുടെ ആദ്യ ഗോളിന് വഴികാട്ടിയ ലൂയിസ് സുവാരസ് പകരക്കാരനായെത്തിയത്. 13-ാം മിനിറ്റില്‍ പരിക്കേറ്റ സെനായയ്ക്ക് പകരം സെയ്ദു ഘാനയ്ക്കായി കളത്തിലിറങ്ങി.
രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ കൊളംബിയ ശ്രമിച്ചിരുന്നു. പലപ്പോഴും ആ മുന്നേറ്റങ്ങള്‍ ഘാനയ്ക്ക് തിരിച്ചടിയായി. സമനിലയ്ക്കായി ഘാനയും കടുത്ത പോരാട്ടം നടത്തിയതോടെ മത്സരം ആവേശത്തിലായി. അതിനിടെ കൊളംബിയയുടെ ഡയസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര് പരിശോധനയില്‍ അത് ഓഫ്സൈഡാണെന്ന് കണ്ടെത്തി ഗോള്‍ നിഷേധിച്ചു. 57-ാം മിനിറ്റിലായിരുന്നു ഇത്. തൊട്ടടുത്ത മിനിറ്റുകളില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചു. ഗോള്‍കീപ്പര്‍മാര്‍ക്കും പ്രതിരോധ നിരയ്ക്കും കടുത്ത ജോലിയായിരുന്നു മത്സരത്തിലുടെനീളം.
content highlights: Colombia's power shines in a single goal; advances by defeating the African giants