ഇതായിരുന്നു മത്സരം. അടിച്ചും തിരിച്ചടിച്ചും അര്‍ജന്റീനയും കേപ് വെര്‍ദെയും കളംവാണ മത്സരം. ഒടുവില്‍ രണ്ടിനെതിരെ മൂന്നുഗോളിന് അര്‍ജന്റീന ജയിക്കുമ്പോള്‍ തലയുയര്‍ത്തി മടങ്ങി കേപ് വെര്‍ദെ. ലയണല്‍ മെസ്സി ആദ്യ ഗോളടിച്ച് തകര്‍പ്പന്‍ പോരാട്ടത്തിന് തിരികൊളുത്തിയെങ്കിലും കേപ് വെര്‍ദെയുടെ പോരാട്ടവീര്യം അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് അടിയും തിരിച്ചടിയുമായി മത്സരം 120 മിനിറ്റുവരെ നീണ്ടു.
29-ാം മിനിറ്റിലാണ് ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103-ാം മിനിറ്റില്‍ സിഡ്നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാല്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയുടെ രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും ടീമിന് രക്ഷയായത്. വിറച്ച് ജയിച്ച അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ എതിരാളി ഈജിപ്താണ്.
29-ാം മിനിറ്റില്‍ കേപ് വെര്‍ദെ പ്രതിരോധനിരയുടെ മുകളിലൂടെ സാന്‍ഡ്രോ മാര്‍ട്ടിനെസ് നല്കിയ പാസ് വരുതിയിലാക്കിയ മെസ്സി പന്ത് വലയിലെത്തിച്ചു. വൊസീന്യ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു അപ്പോള്‍. ഇതോടെ ഗോള്‍നേട്ടം ഏഴായി ഉയര്‍ത്തിയ മെസ്സി ലോകകപ്പ് കരിയറില്‍ ഗോള്‍നേട്ടം 20-ലെത്തിച്ചു. പിന്നെയും മെസ്സിക്ക് അവസരങ്ങളൊട്ടേറെ ലഭിച്ചെങ്കിലും വൊസീന്യ രക്ഷകന്റെ റോളില്‍ അവതരിച്ചു. 59-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് പന്തുമായി മുന്നേറി പെനാല്‍റ്റി ബോക്സിനുള്ളില്‍ കേപ് വെര്‍ദെ താരം ഡെറോയ് ഡ്യുവേര്‍ട്ടിന് റയാബ് മെന്‍ഡസിന്റെ പാസ് ഗോളിലേക്ക് വഴിയൊരുക്കി. പോസ്റ്റിന്റെ കോണില്‍ നിന്ന് ഡെറോയ് ഡ്യുവേര്‍ട്ടിന്റെ ഷോട്ട് അര്‍ജന്റീനയുടെ വലയില്‍ പതിച്ചു. പിന്നാലെ മെസ്സിക്ക് ലഭിച്ച ഫ്രീകിക്ക് അവസരത്തെ വൊസീന്യ തട്ടിയകറ്റി. മത്സരത്തിന്റെ അധികസമയത്തും ഗോള്‍പിറന്നു. 92-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ മെസ്സിയുടെ ഔട്ട്സ്വിംഗര്‍ പാസ് ഹെഡ് ചെയ്ത് മാക് അലിസ്റ്റര്‍ ബാക്ക് പോസ്റ്റിലേക്ക് തട്ടിവിട്ടു. സ്വതന്ത്രനായി നിന്ന ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അത് കൃത്യമായി വലയിലെത്തിച്ചു. മിനിറ്റുകള്‍ക്കകം വീണ്ടും കേപ് വെര്‍ദെയുടെ ഗോള്‍ പിറന്നതോടെ മത്സരം ആവേശത്തിലേക്ക്. ഒടുവില്‍ 111-ാം മിനിറ്റില്‍ അര്‍ജന്റീന ഗോളടിച്ച് ജയത്തിലേക്ക്. കേപ് വെര്‍ദെ പൊരുതിത്തോറ്റ് നാട്ടിലേക്ക്. കന്നി ലോകകപ്പ് അവിസ്മരണീയമായ അനുഭവമാക്കിയാണ് അവര്‍ മടങ്ങുന്നത്.
content highlights: What a battle!; Cape Verde rattles the World Champions, Messi's army survives a major scare to win