സ്‌കലോണി @ 100; കേപ് വെര്‍ദക്കെതിരെ ടീം കളിക്കുക പ്രിയ പരിശീലകന് വേണ്ടി

കേപ് വെര്‍ദെക്കെതിരായ മത്സരം എളുപ്പമാകില്ലെന്ന് സ്‌കലോണി

അര്‍ജന്റീനയുടെ ലോക ചാമ്പ്യന്‍ പരിശീലകന് സെഞ്ചുറിപ്പോരാട്ടം. കേപ് വെര്‍ദെക്കെതിരെ കളിക്കാനിറങ്ങുന്ന ലയണല്‍ സ്‌കലോണി പരിശീലകക്കുപ്പായത്തില്‍ നൂറാം മത്സരം ആഘോഷിക്കും. കോച്ചിന് മികച്ച വിജയം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ടീം. 2018 സെപ്റ്റംബറില്‍ ഗ്വാട്ടമാലെക്കെതിരായ സൗഹൃദ മത്സരത്തോടെയായിരുന്നു മുന്‍ താരമായ സ്‌കലോണിയുടെ അരങ്ങേറ്റം. റഷ്യന്‍ ലോകകപ്പിനു പിന്നാലെ ജോര്‍ജ് സാംപോളി?ക്ക് പകരക്കാരനായെത്തിയ സ്‌കലോണിക്കു കീഴില്‍ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് സാക്ഷ്യം വഹിച്ചത്. 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങള്‍, 2022 ലോകകപ്പ്, 2022 ഫൈനലിസ്സിമ കിരീടം അങ്ങനെ ഒട്ടേറെ നേട്ടങ്ങളില്‍ സ്‌കലോണി ടീമിനൊപ്പം തന്റെ പേരുചാര്‍ത്തി.

അതേസമയം, കേപ് വെര്‍ദെക്കെതിരായ മത്സരം എളുപ്പമുള്ളതായിരിക്കില്ലെന്ന് സ്‌കലോണി പറഞ്ഞു. 'എതിരാളിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഞങ്ങള്‍ മത്സരത്തിന്റെ ആവേശത്തിലാണ്. വളരെ മികച്ച എതിരാളികളാണ് കേപ് വെര്‍ദെ' -സ്‌കലോണി പറഞ്ഞു. കേപ് വെര്‍ദെയുടെ പ്രതിരോധത്തെയും പ്രത്യാക്രമണ ശൈലിയെയും സ്‌കലോണി എടുത്തുപറഞ്ഞു.

'ഈ ലോകകപ്പില്‍ തോല്‍ക്കാത്ത ടീമാണ് അവര്‍. സൗദിക്കെതിരെ അവര്‍ ജയം പോലും അര്‍ഹിച്ചിരുന്നു. സ്‌പെയിനും യുറഗ്വായ്ക്കുമെതിരെ അവര്‍ അല്‍പം കഷ്ടപ്പെട്ടുവെങ്കിലും നന്നായി പ്രതിരോധിച്ചു' -സ്‌കലോണി കേപ് വെര്‍ദെയുടെ കളിയെക്കുറിച്ച് വാചാലനായി. ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് കേപ് വെര്‍ദെക്കെതിരായ അര്‍ജന്റീനയുടെ മത്സരം.

content highlights: Scaloni @ 100; Team to play for their beloved coach against Cape Verde

To advertise here,contact us