ക്രൊയേഷ്യയുടെ ഗോള്‍നിഷേധത്തില്‍ ആരാധക രോഷം; ഗ്രൗണ്ടിലേക്ക് കുപ്പിയേറ്

ആവേശപ്പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ടുഗോളിനാണ് പോര്‍ച്ചുഗലിന്റെ ജയം

അവസാന സെക്കന്‍ഡ് വരെ ആവേശം നിറഞ്ഞതായിരുന്നു ക്രൊയേഷ്യ-പോര്‍ച്ചുഗല്‍ പോരാട്ടം. ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. കാനഡയിലെ ടൊറാന്റോ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് ആവേശം അലയടിച്ചത്. എന്നാല്‍ മത്സരത്തില്‍ ഗോള്‍നിഷേധം വലിയ പ്രതിഷേധത്തിനിടയാക്കി. ഇഞ്ചുറി ടൈമില്‍ ലീഡെടുത്ത പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയിരുന്നു. ഇത് ആരാധകരെ പ്രകോപിപ്പിച്ചു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്രോയേഷ്യന്‍ ആരാധകര്‍ കൂട്ടത്തോടെ മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു.

മത്സരത്തിന്റെ നിശ്ചിത സമയത്തിന് ശേഷം പത്ത് മിനിറ്റാണ് ഇഞ്ചുറി ടൈമായി അനുവദിച്ചത്. പോര്‍ച്ചുഗല്‍ 2-1 ന് മുന്നിട്ടുനില്‍ക്കെ, കളിയുടെ അവസാന സെക്കന്‍ഡുകളില്‍ ക്രോയേഷ്യ പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് ഒരു ക്രോസ്സ് നല്‍കി. ബോക്‌സിനുള്ളില്‍ ക്രോയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്‌കോ ഗവാര്‍ഡിയോള്‍ പന്ത് വലയിലെത്തിച്ചു. മത്സരത്തിലെ ട്വിസ്റ്റ് അവിടെ തുടങ്ങുകയായിരുന്നു. ക്രോയേഷ്യന്‍ താരങ്ങള്‍ വന്‍ ആഘോഷത്തിലായി. ഗാലറിയിലും ആരവം മുഴങ്ങി. എന്നാല്‍ ഈ ഗോള്‍ ഓഫ്സൈഡ് ആണോ എന്ന് പരിശോധിക്കാന്‍ റഫറി വാറിന്റെ സഹായം തേടി. 'സ്‌നിക്കോ' സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ക്രോയേഷ്യന്‍ താരം ഇഗോര്‍ മാറ്റനോവിച്ച് തലകൊണ്ട് ഫ്‌ലിക്ക് ചെയ്ത പന്ത് സ്വീകരിക്കുമ്പോള്‍ മരിയോ പാസാലിച്ച് ഓഫ്സൈഡ് പൊസിഷനിലായിരുന്നു എന്ന് കണ്ടെത്തി. പോര്‍ച്ചുഗല്‍ താരം റെനാറ്റോ വെയ്ഗയുടെ ശരീരത്തില്‍ തട്ടിയാണ് പന്ത് പാസാലിച്ചിലേക്ക് എത്തിയതെങ്കിലും, അത് മനപൂര്‍വമുള്ള ഡിഫെന്‍ഡിംഗ് അല്ലെന്ന് റഫറി വിധിച്ചു. ഇതോടെ ഗവാര്‍ഡിയോളിന്റെ ഗോള്‍ റദ്ദാക്കപ്പെട്ടു.

ഗോള്‍ നിഷേധിച്ചതോടെ ഗാലറിയിലുണ്ടായിരുന്ന ക്രോയേഷ്യന്‍ ആരാധകര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. പോര്‍ച്ചുഗലിന്റെ ഗോള്‍ ബോക്‌സിനുള്ളിലേക്ക് കൂട്ടത്തോടെ വാട്ടര്‍ ബോട്ടിലുകളും സോഫ്റ്റ് ഡ്രിങ്ക് കാനുകളും എറിഞ്ഞായിരുന്നു പ്രതിഷേധം. മൈതാനത്തെ മാലിന്യങ്ങള്‍ മാറ്റാന്‍ ഒഫീഷ്യലുകള്‍ക്ക് ഏറെ സമയം വേണ്ടി വന്നു. ഇതോടെ കളി പുനരാരംഭിക്കാന്‍ വൈകി. സ്റ്റേഡിയത്തിലുടനീളം കാണികള്‍ റഫറിക്കെതിരെ കൂവിവിളിക്കുകയും ചെയ്തു. മത്സരം ആവേശത്തോടെ സമാപിച്ചെങ്കിലും ഗോളിലെ വിവാദം ഇനി ചൂടേറിയ ചര്‍ച്ചയായേക്കും.

content highlights: Fan fury over Croatia's disallowed goal; Bottles thrown onto the pitch

To advertise here,contact us