ഫുട്ബോള്‍ ലോകത്ത് അച്ഛനും മകനും കളിക്കുന്നത് അപൂര്‍വമല്ല. ഒട്ടേറെപ്പേരുണ്ട് അങ്ങനെ. സഹോദരങ്ങള്‍ ഒരുമിച്ചുകളിക്കുന്ന അപൂര്‍വതകളും ധാരാളം. എന്നാല്‍ നെതര്‍ലന്‍ഡ്സ് താരം പാട്രിക് ക്ലൈവര്‍ട്ടും ജസ്റ്റിന് ക്ലൈവര്‍ട്ടും അത്യപൂര്‍വമായ മറ്റൊരു കാര്യത്തിലാണ് അതിശയിപ്പിക്കുന്നത്. 26 വര്‍ഷം മുമ്പ് അച്ഛന് പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതുപോലൊരു അപൂര്‍വതയാണ് ജസ്റ്റിന് ചെയ്തത്. 26 വര്‍ഷം മുമ്പ് അഥവാ, 2000 ജൂണ്‍ 29ന് യൂറോ കപ്പ് സെമിഫൈനലിലായിരുന്നു പാട്രിക് പെനാല്‍ട്ടി നഷ്ടപ്പെടുത്തിയത്.
യൂറോ കപ്പില്‍ ഇറ്റലിക്കെതിരേ സെമിഫൈനല്‍ മത്സരം കളിക്കുകയാണ് അച്ഛന് പാട്രിക് ക്ലൈവര്‍ട്ട്. കളിക്കിടെ നെതര്‍ലന്‍ഡ്സിന് അനുകൂലമായി ഒരു പെനാല്‍റ്റി ലഭിക്കുന്നു. കിക്കെടുക്കാനെത്തിയത് ടീമിന്റെ വിശ്വസ്തനായ സ്ട്രൈക്കര്‍ പാട്രിക്ക്. എന്നാല്‍ പാട്രിക്കിന്റെ ഷോട്ട് ഇടത് പോസ്റ്റിലിടിച്ച് മടങ്ങി. അതോടെ ആ മത്സരം തോറ്റ് ഡച്ച് ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്ക്. അവിടെ നിന്നും കൃത്യം 26 വര്‍ഷങ്ങളുടെ ഇടവേളയിലാണ് മകനും സമാന സാഹചര്യത്തില്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയത്. വീണ്ടുമൊരു ജൂണ്‍ 29. 2026 ലോകകപ്പിലെ നെതര്‍ലന്‍ഡ്സ്-മൊറോക്കോ നോക്കൗട്ട് മത്സരം. ഇത്തവണ നെതര്‍ലന്‍ഡ്സിനായി കളിക്കുന്നത് മകന് ജസ്റ്റിന് ക്ലൈവര്‍ട്ട്.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കിക്കെടുക്കാന്‍ ജസ്റ്റിന് അവസരം ലഭിക്കുന്നു. പണ്ട് പിതാവ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയ അതേ തീയതിയില്‍ തന്നെ കിക്കെടുക്കാന്‍ മകനെത്തി. എന്നാല്‍ ജസ്റ്റിന്റെ ഷോട്ടും ഇടത് പോസ്റ്റിലിടിച്ച് മടങ്ങുന്നു. ഇത്തവണയും നെതര്‍ലന്‍ഡ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്ക്. രണ്ട് പിഴവുകളും സംഭവിച്ചത് ഒരേ തീയതിയിലാണ്. അച്ഛന് പാട്രിക് ക്ലൈവര്‍ട്ട് 1994 മുതല്‍ 2004 വരെ നെതര്‍ലന്‍ഡ്സിനായി കളിച്ചിട്ടുണ്ട്. മകന് ജസ്റ്റിന് ക്ലൈവര്‍ട്ട് 2018 മുതല്‍ നെതര്‍ലന്‍ഡ്സ് ടീമിലുണ്ട്.
content highlights: Then the father, now the son; Patrick Kluivert and Justin Kluivert both suffer penalty heartbreak