ഇസ്മായില്‍ സയ്ബാരിയെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്; മൊറോക്കോ താരത്തിനുവേണ്ടി ചെലവഴിച്ചത് 57 മില്യണ്‍ ഡോളര്‍

ഡച്ച് ക്ലബ്ബായ പി.എസ്.വി. ഐന്തോവിലായിരുന്നു ഇസ്മായില്‍ സയ്ബാരി

മൊറോക്കന്‍ മിഡ്ഫീല്‍ഡറും ലോകകപ്പിലെ മിന്നും താരവുമായ ഇസ്മായില്‍ സയ്ബാരിയെ സ്വന്തമാക്കി ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക്. അഞ്ചുവര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍. ഡച്ച് ക്ലബ്ബായ പി.എസ്.വി. ഐന്തോവന്റെ ഭാഗമായിരുന്ന സയ്ബാരിയെ 57 മില്യണ്‍ ഡോളര്‍ കൈമാറ്റത്തുകയിലാണ് ബയേണിലെത്തിച്ചത്. ഹാരി കെയിന്‍, മൈക്കിള്‍ ഒലിസെ, ലൂയിസ് ഡയസ്, ജമാല്‍ മുസിയാള, ലെനാര്‍ട്ട് കാള്‍, സെര്‍ജ് നാബ്ര എന്നിവരടങ്ങിയ വമ്പന്‍ ടീമിലേക്കാണ് സയ്ബാരി കൂടിയെത്തുന്നത്. ഇസ്മായില്‍ സയ്ബാരി കൂടിയെത്തുന്നതോടെ ടീമിന്റെ മധ്യനിര കരുത്തുറ്റതാകും.

'കുട്ടിയായിരുന്നപ്പോള്‍ ബയേണ്‍ പോലുള്ള ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളുമായി കരാര്‍ ഒപ്പിടുന്നത് സ്വപ്നം കണ്ടിരുന്നെന്ന് ഇസ്മായില്‍ സയ്ബാരി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാവര്‍ഷവും ചാമ്പ്യന്‍സ് ലീഗ് പോലുള്ള വലിയ കിരീടപോരാട്ടങ്ങളിലുണ്ടാവാറുള്ള ബയേണിനായി കഴിയുന്നത്ര കിരീടങ്ങള്‍ നേടുകയെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കോയ്ക്ക് വേണ്ടി ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

മൊറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയ ഈ ലോകകപ്പിലെ മികച്ച താരങ്ങളിലൊരാളാണ് ഇരുപത്തഞ്ചുകാരനായ ഈ മിഡ്ഫീല്‍ഡര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ സയ്ബാരി, നോക്കൗട്ടില്‍ നെതര്‍ലന്‍ഡ്സിനെതിരേ ഷൂട്ടൗട്ടില്‍ അവസാനത്തെ പെനാല്‍റ്റി നേടി ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചു. ബയേണ്‍ മ്യൂണിക്കിലും പ്രകടനം തുടരുമെന്നാണ് ആരധക പ്രതീക്ഷ.

content highlights: Bayern Munich signs Ismael Saibari; Spends $57 Million for the Moroccan star

To advertise here,contact us