മെക്‌സിക്കോയിലെ ആരാധക ആവേശം അണപൊട്ടി; മരണം മൂന്നായി

ആയിരക്കണക്കിന് പേരാണ് മെക്‌സിക്കോയുടെ ലോകകപ്പ് വിജയം ആഘോഷിക്കാനെത്തിയത്

മെക്‌സിക്കോയിലെ ഫുട്‌ബോള്‍ പ്രേമികള്‍ നടത്തിയ ആഘോഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ഒരിടവേളയ്ക്കുശേഷമാണ് മെക്സിക്കോ ഫുട്ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്നത്. മെക്സിക്കോ സിറ്റിയിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ആരാധക ആവേശമുണ്ട്. ആഘോഷം പരിധി വിട്ടതോടെയാണ് മെക്സിക്കോയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്.

തിക്കിലും തിരക്കിലും പെട്ടാണ് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് മൂന്നുപേരും മരിച്ചത്. എക്വഡോറിനെതിരായ 2-0ത്തിന്റെ വിജയമാഘോഷിക്കാന്‍ തെരുവുകളില്‍ പതിനായിരങ്ങളാണ് എത്തിയത്. ഇതിനിടെയാണ് രണ്ടുപേര്‍ മരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിരുന്നു. ഹാംബര്‍ഗോ ലങ്കാസ്റ്റര്‍ തെരുവിലാണ് ദുരന്തമുണ്ടായത്. 44 വയസ്സുള്ള പുരുഷനും 19, 48 വയസ്സുകാരായ സ്ത്രീകളുമാണ് മരിച്ചത്. ജനക്കൂട്ടത്തിനിടയില്‍പെട്ട് ഇവര്‍ക്ക് ശ്വാസംമുട്ടുകയായിരുന്നു. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1994 മുതല്‍ ഫുട്ബോള്‍ ലോകകപ്പില്‍ സ്ഥിരമായി മെക്സിക്കോ പ്രീക്വാര്‍ട്ടറില്‍ എത്താറുണ്ട്. 2018 വരെ അത് തുടര്‍ന്നെങ്കിലും 2022-ല്‍ പക്ഷെ, ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായത് തിരിച്ചടിയായി. നേരത്തെ രണ്ടുതവണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഏറ്റവും വലിയ നേട്ടം. 1970-ലും 1986-ലുമായിരുന്നു അത്. കന്നി ലോകകപ്പില്‍ത്തന്നെ അരങ്ങേറ്റം കുറിച്ച മെക്സിക്കോ ഫുട്ബോള്‍ ലോകകപ്പില്‍ ഭൂരിപക്ഷം ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്.

content highlights: Fan frenzy in Mexico knows no bounds; Death toll rises to three

To advertise here,contact us