പോര്‍ച്ചുഗലിന് ജയിക്കണം, പ്രിയപ്പെട്ട ജോട്ടയ്ക്കുവേണ്ടി

പോര്‍ച്ചുഗല്‍-ക്രൊയേഷ്യ മത്സരം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന്

ഡിയേഗോ ജോട്ടയുടെ ഓര്‍മകളാണ് പോര്‍ച്ചുഗലിന്റെ ഇന്ധനം. ഇക്കാര്യം ലോകകപ്പിന് മുമ്പുതന്നെ പോര്‍ച്ചുഗല്‍ കോച്ച് ലോകത്തോട് വിളിച്ചോതിയിരുന്നു. എന്നാല്‍ യാദൃശ്ചികമാണ് പോര്‍ച്ചുഗലിന്റെ അടുത്ത കളി. ഡിയേഗോ ജോട്ടയുടെ ഓര്‍മ ദിനത്തിലാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ക്രൊയേഷ്യക്കെതിരെ നിര്‍ണായക പോരാട്ടത്തിനാണ് ജൂലായ് മുന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ കളിക്കാനിറങ്ങുന്നത്.

കഴിഞ്ഞവര്‍ഷം ജൂലായ് മൂന്നിനാണ് ജോട്ട കാറപകടത്തില്‍ മരിച്ചത്. സ്‌പെയിനിലെ സമോറയില്‍ വച്ചായിരുന്നു അപകടം. അന്ന് ഡിയോഗോ ജോട്ടയും സഹോദരന്‍ ആന്ദ്രേ സില്‍വയും ജീവന്‍ നഷ്ടമായിരുന്നു. ഇരുവരും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിച്ചായായിരുന്നു അപകടം ഉണ്ടായത്. 'പരിശീലനത്തിനിടെ പലപ്പോഴും ജോട്ടയുടെ ഓര്‍മ്മകള്‍ മനസിലേക്ക് ഓടിയെത്താറുണ്ട്. ഞങ്ങള്‍ നേടിയ ഓരോ നേട്ടങ്ങളും ജോട്ടയ്ക്ക് ഒപ്പമായിരുന്നു.

അദ്ദേഹത്തോടൊപ്പമായായിരുന്നു ഞങ്ങള്‍ നേഷന്‍സ് ലീഗ് കിരീടം നേടിയത്. ഇനിയും മുന്നോട്ട് പോകാനും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കാനും ഉള്ള വെളിച്ചവും പ്രചോദനവുമാണ് അദ്ദേഹം. അദ്ദേഹത്തിനായി ലോകകപ്പ് നേടുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം', റോബര്‍ട്ടോ മാര്‍ട്ടിനെസ്സ് നേരത്തെ പറഞ്ഞ വാക്കുകളാണിത്. ക്രൊയേഷ്യക്കെതിരായ പോരാട്ടം അവര്‍ക്ക് അഭിമാനത്തിന്റേതാണ്. അതോടൊപ്പം ജോട്ടയ്ക്ക് നല്‍കാനുള്ള ആദരവുമായിരിക്കും ഓര്‍മദിനത്തിലെ മത്സരം.

content highlights: Portugal must win, for their beloved Jota

To advertise here,contact us