'ഫ്രഞ്ച് ടീമിലെ മൂല്യമേറിയ താരം എംബാപ്പെ അല്ല, അത് മറ്റൊരാൾ'; വ്യക്തമാക്കി തിയറി ഹെന്റി

സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് പ്രീ ക്വാർട്ടർ കടന്നിരിക്കുകയാണ്

സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് പ്രീ ക്വാർട്ടർ കടന്നിരിക്കുകയാണ്. ഇരട്ട ഗോളുമായി തിളങ്ങിയ കിലിയന്‍ എംബാപ്പെയാണ് കളിയിലെ താരമായത്.

എന്നാൽ എംബാപ്പെയല്ല, ടീമിന്റെ യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡ് ബയേണ്‍ മ്യൂണിക്ക് താരം മൈക്കല്‍ ഒലീസെയാണെന്ന അഭിപ്രായവുമായി ഇതിഹാസ താരം തിയറി ഹെന്റി. നോക്കൗട്ടില്‍ സ്വീഡനെതിരെ 3-0ത്തിന് ഫ്രാന്‍സ് വിജയിച്ച മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എംബാപ്പെ തന്നെയായിരിക്കും എപ്പോഴും ഏറ്റവും മൂല്യമുള്ള താരം. എന്നാല്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട താരം മൈക്കല്‍ ഒലീസെയാണ്.' ഹെന്റി പറഞ്ഞു. താന്‍ ഫ്രഞ്ച് അണ്ടര്‍ 21 ടീമിനെ പരിശീലിപ്പിച്ചിരുന്ന കാലത്ത് ഒലീസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, 24-കാരന്റെ കളിരീതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. പന്തിലുള്ള ഒലീസിന്റെ നിയന്ത്രണവും കളിയിലെ വേഗതയും മറ്റേതൊരു താരത്തേക്കാളും മികച്ചതാണെന്നും ഹെന്റി കൂട്ടിച്ചേര്‍ത്തു.

സ്വീഡനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയ ഒലീസെ ഫ്രഞ്ച് ആക്രമണത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ ലോകകപ്പില്‍ ഇതിനകം അഞ്ച് അസിസ്റ്റുകള്‍ നേടിക്കഴിഞ്ഞ ഒലീസെ, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടുന്ന ഫ്രഞ്ച് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

1994ന് ശേഷം ഒരു ലോകകപ്പില്‍ അഞ്ച് അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരവുമാണ് അദ്ദേഹം. ഈ സീസണില്‍ ക്ലബിനും രാജ്യത്തിനുമായി ഇതിനകം 31 അസിസ്റ്റുകളാണ് താരം നല്‍കിയിട്ടുള്ളത്.

Content highlights:thierry henry on most valuable french player mbappe and olise comparison

To advertise here,contact us