അടിച്ചും തിരിച്ചടിച്ചും വിറച്ചും വിറപ്പിച്ചും ഇംഗ്ലണ്ടും ഡിആര്‍ കോംഗോയും നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 75, 86 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. ഇരുഗോളും നേടിയത് ഹാരി കെയ്നായിരുന്നു. തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ബ്രയാന്‍ സിപെംഗയുടെ ഏഴാം മിനിറ്റിലെ ഗോള്‍ ഇംഗ്ലീഷുകാര്‍ക്ക് പ്രഹരമായി.
ചാന്‍സല്‍ എംബെംബയുടെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ഗ്രൗണ്ടില്‍ തുടക്കത്തില്‍ത്തന്നെ പന്തടക്കം കൊണ്ട് കോംഗോ വിറപ്പിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ട് താളം കണ്ടെത്തി കളിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഗോള്‍മാത്രം അകന്നു. പലപ്പോഴും ഇംഗ്ലണ്ടിന്റെ ഷോട്ടുകളെ തകര്‍ത്തത് കോംഗോ പ്രതിരോധവും ഗോള്‍കീപ്പര്‍ ലയണല്‍ എംപാസിയുമായിരുന്നു. ആദ്യപകുതിയില്‍ ഒരുഗോളിന്റെ ലീഡിലാണ് കോംഗോ കളംവിട്ടത്.
തിരിച്ചടിക്കാനുറച്ചായിരുന്നു രണ്ടാം പകുതിയിലേക്ക് ഇംഗ്ലണ്ടെത്തിയത്. നിരന്തരം ഷോട്ടുകളുമായി കോംഗോയെ വിറപ്പിച്ചെങ്കിലും എംപാസി രക്ഷകനായി. ഇടയ്ക്ക് കോംഗോയും ഇംഗ്ലണ്ട് പ്രതിരോധത്തെ വിറപ്പിച്ചു. ഗോളെന്നുറച്ച ചില ഷോട്ടുകള്‍ നിര്‍ഭാഗ്യത്താല്‍ വഴിമാറി. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ ശ്രമം വിജയിച്ചു. ഹാരി കെയ്ന്റെ ഹെഡ്ഡര്‍ വലകുലുക്കി. ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി. ബുകായോ സാക്ക ഗ്രൗണ്ടിലെത്തിയപ്പോള്‍ കളി മാറി. ഇംഗ്ലണ്ട് തുടരെ മുന്നേറ്റങ്ങളുമായി കോംഗോയെ വിറപ്പിച്ചു. 86-ാം മിനിറ്റിലും ഹാരി കെയ്ന്‍ ലക്ഷ്യം കണ്ടു. ബുള്ളറ്റ് കണക്കെയുള്ള ഷോട്ട് കോംഗോയുടെ പരാജയമുറപ്പാക്കി. ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശവും.
content highlights: English Might; Harry Kane's brace downs a fighting DR Congo