ലോകകപ്പിലെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മൂന്ന് ഗോൾ നേട്ടം. അപൂർവ റെക്കോർഡ് കുറിച്ച് ഫ്രഞ്ച് പടയോട്ടം പ്രീക്വാർട്ടറിലേക്ക് . റൌണ്ട് ഓഫ് 32 മത്സരത്തിൽ സ്വീഡനെ നിഷ്പ്രഭമാക്കി എംബാപ്പെയുടെയും സംഘത്തിന്റെയും കുതിപ്പ്. ഇരട്ട ഗോളുമായി ആകെ ഗോൾ നേട്ടം ആറാക്കിയ കിലിയൻ എംബാപ്പെ, ഈ ലോകകപ്പിലെ ഗോൾ വേട്ടയിൽ ലയണൽ മെസ്സിക്കൊപ്പമെത്തി.
ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഗോൾ നേടിയ എംബാപ്പെയാണ് ഫ്രാൻസിന് ആദ്യം ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ അമ്പത്തിമൂന്നാം മിനുട്ടിൽ ബ്രാഡ്ലി ബാർകോള ലീഡ് രണ്ടായി ഉയർത്തി. മെക്കൽ ഒലിസെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഇതോടെ ലോകകപ്പിൽ അഞ്ച് ഗോളുകൾക്ക് അവസരമൊരുക്കിയ ഒലീസെ, അസിസ്റ്റുകളുടെ എണ്ണത്തിൽ ബ്രസീൽ താരം ഗ്വിമിറസിനെ മറികടന്ന് ഒന്നാമതെത്തി. എഴുപത്തിനാലാം മിനുട്ടിൽ ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ഡബിൾ തികച്ചു. ഈ ലോകകപ്പിൽ എംബാപ്പെയുടെ മൂന്നാം ഡബിൾ നേട്ടമാണിത്.
സ്വീഡനെ നിലംതൊടീക്കാതെ കടുത്ത ആക്രമണമാണ് ഫ്രഞ്ച് ടീം അഴിച്ചുവിട്ടത്. ഡെംബലെ- ഒലിസെ- ബാർകോള സംഖ്യം മെനഞ്ഞെടുത്ത നിരവധി അവസരങ്ങൾ എതിർ ഗോൾമുഖത്തെ വിറപ്പിച്ചു. സ്വീഡൻ ഗോൾ കീപ്പർ സെറ്റർസ്ട്രോമിന്റെ സേവുകളാണ് കൂടുതൽ ഗോൾ വഴങ്ങാതെ സ്വീഡനെ രക്ഷിച്ചത്. സെന്റർ മിഡ്ഫീൽഡർ മൈക്കൽ ഒലീസെയാണ് കടുത്ത ആക്രമണം നടത്തിയത്. സ്വീഡൻ ഗോൾമുഖത്തേക്ക് അഞ്ച് ഷോട്ടുകളാണ് ഒലീസെ പായിച്ചത്. എംബാപ്പെയുടെ ബൂട്ടിൽ നിന്ന് ഗോൾ ലക്ഷ്യമിട്ട് പാഞ്ഞതും അഞ്ച് ഷോട്ടുകളാണ്. ബാർകോള മൂന്നും ഡെംബലെ ഒരു തവണയും സ്വീഡൻ പോസ്റ്റ് ലക്ഷ്യമിട്ടു.
ഫ്രാൻസ് പതിമൂന്ന് തവണ എതിർ ഗോൾമുഖം ലക്ഷ്യമിട്ടപ്പോൾ തിരികെ മൂന്ന് ഷോട്ട് മാത്രമാണ് സ്വീഡന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫ്രാൻസുകാർ ഗോൾ ലക്ഷ്യമിട്ട് ആകെ 25 തവണ കടന്നാക്രമിച്ചപ്പോൾ, തിരികെ എട്ട് തവണ മാത്രമാണ് സ്വീഡന്റെ തിരിച്ചടിക്കാനുള്ള ശ്രമം കണ്ടത്. പ്രീക്വാർട്ടറിൽ പാരഗ്വായ് ആണ് ഫ്രാൻസിന്റെ എതിരാളി. ശനിയാഴ്ച ഫിലാഡൽഫിയയിൽ ഇന്ത്യൻ സമയം പുലർച്ചെ രണ്ടരക്കാണ് പ്രീക്വാർട്ടർ പോരാട്ടം.
Content highlight: France win against Sweden in FIFA World Cup 2026