ഫിഫ ലോകകപ്പിലെ താരങ്ങളുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പവര്‍ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ഗ്രൂപ്പ് ഘട്ടത്തിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അര്‍ജന്റീന നായകൻ ലിയോണല്‍ മെസി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
ലോകകപ്പില്‍ ആദ്യമായാണ് ഫിഫ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി പവര്‍ റാങ്കിംഗ് തയാറാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെ ആദ്യ മത്സരങ്ങളിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള പവര്‍ റാങ്കിംഗാണ് ഫിഫ ഇന്ന് പുറത്തുവിട്ടത്.
കളിക്കാരുടെ ഗ്രൗണ്ടിലെ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി ഫിഫ പുതുതായി അവതരിപ്പിച്ച റാങ്കിംഗ് സിസ്റ്റമാണിത്. ആക്രമണം ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് നിശ്ചയിക്കുന്നത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങിയതിന് പിന്നാലെ പുറത്തുവിട്ട ഫിഫ പവര്‍ റാങ്കിംഗില്‍ അര്‍ജന്റീന നായകൻ ലിയോണല്‍ മെസിയാണ് ഒന്നാമൻ. ജര്‍മന്‍ താരം ഡെനിസ് ഉണ്ടാവിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി ജോര്‍ദാനെതിരായ മത്സരത്തിലെ ഫ്രീ കിക്ക് ഗോളോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ആറു ഗോളുമായി ലോകകപ്പിലെ ടോപ് സ്കോററുമാണ് ഇപ്പോള്‍ മെസി.
മൂന്നാം സഥാനത്തായിരുന്ന എംബാപ്പെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍വെക്കെതിരെ ഗോളടിച്ചില്ലെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോകകപ്പില്‍ നാലു ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് എംബാപ്പെ.
ജര്‍മൻ സ്ട്രൈക്കര്‍ ഡെനിസ് ഉണ്ടാവ് ആണ് മൂന്നാം സ്ഥാനത്ത്. ജർമ്മൻ നിരയിൽ പകരക്കാരനായി ഇറങ്ങിയാണ് ഉണ്ടാവ് ഈ ലോകകപ്പിൽ വിസ്മയം തീർത്തത്. നോക്കൗട്ടില്‍ പരാഗ്വേയോട് പെനല്‍റ്റി ഷൂട്ടൗട്ടിസ് തോറ്റ് ജര്‍മനി പുറത്തായെങ്കിലും ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയാണ് ഉണ്ടാവ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ജപ്പാനെതിരായ മത്സരത്തില്‍ മികവ് കാട്ടിയെങ്കിലും ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തേക്ക് വീണു. ടൂര്‍ണമെന്റില്‍ നാലു ഗോളുകളുമായി ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വിനീഷ്യസ്.
നോര്‍വെക്കെതിരായ മത്സരത്തിലെ ഹാട്രിക് പ്രകടനത്തോടെ ഫ്രാന്‍സിന്റെ ഉസ്മാന് ഡെംബലെ ഫിഫ പവര്‍ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
നോര്‍വെയുടെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ കളിക്കാതിരുന്നെങ്കിലും നോര്‍വെ താരം ഏര്‍ലിംഗ് ഹാലണ്ട് ഫിഫ പവര്‍ റാങ്കിംഗില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. നാലു ഗോളുകളുമായി ലോകകപ്പ് ഗോള്‍വേട്ടക്കാരില്‍ അഞ്ചാമതാണ് ഹാലണ്ട്.
പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിലെ നിരാശക്ക് ശേഷം രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളുകളുമായി കംബാക്ക് നടത്തിയെങ്കിലും കൊളംബിയക്കെതിരെ നിറം മങ്ങിയതോടെ പോര്‍ച്ചുഗല്‍ നായന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പവര്‍ റാങ്കിംഗില്‍ താഴേക്ക് പോയി. പുതിയ റാങ്കിംഗില്‍ 79-ാം സ്ഥാനത്താണ് റൊണാള്‍ഡോ.
content highlights: fifa world cup 2026 power rankings messi mbappe ronaldo