ബ്രസീലിനിത് ഫൈനല്‍; സൂപ്പര്‍ താരം നെയ്മര്‍ കൂടുതല്‍ സമയം കളിക്കുമെന്ന് ആഞ്ചലോട്ടി

സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ 15 മിനിട്ടോളമാണ് നെയ്മര്‍ കളിച്ചത്

ബ്രസീല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇപ്പോഴാണ് ആശ്വാസമായത്. ഫുട്‌ബോള്‍ ലോകകപ്പിലെ കഠിനമായ മത്സര കാലത്ത് തങ്ങളുടെ പ്രിയപ്പെട്ട സുല്‍ത്താന്‍ തിരിച്ചെത്തിയിരിക്കുന്നു. വിനീഷ്യസും കുന്യയും അരങ്ങുവാഴുന്ന ടീമിലേക്ക് നെയ്മര്‍ കൂടിയെത്തിയത് കാനറികള്‍ക്ക് ആശ്വാസമാവുകയാണ്. എന്നാല്‍ പരിക്കില്‍നിന്ന് അദ്ദേഹം പൂര്‍ണ മുക്തനായ ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തോ എന്ന ആശങ്ക ഇപ്പോഴുമുണ്ട്. കൂടുതല്‍ സമയം ഗ്രൗണ്ടില്‍ അദ്ദേഹത്തിന് ചെലവിടാനാകുമോ എന്നും ആശങ്കയുണ്ടായിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി രംഗത്തെത്തിയിരിക്കുന്നത്. നെയ്മര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തെന്നും കൂടുതല്‍ സമയം കളിക്കാന്‍ പ്രാപ്തനായെന്നുമാണ് അദ്ദേഹം പറയുന്നത്. ജപ്പാനെതിരെ താരം കൂടുതല്‍ സമയം കളിച്ചേക്കുമെന്നാണ് വിവരം. നെയ്മര്‍ ജപ്പാനെതിരെ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോച്ചിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.

'കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെയ്മറിന്റെ ഫിറ്റ്‌നസ് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമത്സരത്തില്‍ അദ്ദേഹത്തിന് 15 മിനിറ്റില്‍ കൂടുതല്‍ കളിക്കാനായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ അദ്ദേഹത്തിന് അതിന് കഴിയുന്ന സാഹചര്യമാണ്..' -ആഞ്ചലോട്ടി പറഞ്ഞു. ജപ്പാന്‍ ലോകത്തെ മികച്ച ടീമുകളില്‍ ഒന്നാണെന്നും അവരെ പൂര്‍ണമായി ബഹുമാനിക്കുന്നുവെന്നും ഇത് ഞങ്ങള്‍ക്ക് ഫൈനല്‍ തയ്യാറെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നോക്കൗട്ട് ഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് ടീം സജ്ജരാണ്. ആത്മവിശ്വാസത്തോടെയാണ് കളിക്കാനിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പ് സി-യില്‍നിന്ന് ഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീല്‍ നോക്കൗട്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ ഹെയ്ത്തിയെയും അവസാന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെയും പരാജയപ്പെടുത്തി. വിനീഷ്യസ് ജൂനിയറും കുന്യയുമാണ് ടീമിന്റെ പ്രധാന കുന്തമുനകള്‍.

content highlights: This is a final for Brazil; Super star Neymar will play for longer duration, says Ancelotti

To advertise here,contact us