എന്തോരം കാണികളാ..! ലോകകപ്പില്‍ റെക്കോഡിട്ട് കാണിക്കൂട്ടം

1994 ലോകകപ്പിനെ മറികടന്ന് 2026 അമേരിക്കന്‍ ലോകകപ്പ്

കളിക്കളത്തില്‍ ഗോളടിമേളം റെക്കോഡിലേക്ക് കുതിക്കുന്നു, ഗ്യാലറിയില്‍ ആരാധകക്കൂട്ടവും റെക്കോഡ് തൊടുന്നു. അമേരിക്കന്‍ ലോകകപ്പില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് കാണികള്‍. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ ഏകദേശം 36 ലക്ഷത്തിലധികം കാണികള്‍ വിവിധ സ്റ്റേഡിയങ്ങളിലായി മത്സരം നേരിട്ടുകാണാനെത്തിയെന്നാണ് കണക്ക്.

1994 ലോകകപ്പായിരുന്നു ഇതിനു മുന്‍പ് കാണികളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. അന്ന് 36 ലക്ഷത്തോളം (35,87,538) പേരാണ് സ്റ്റേഡിയങ്ങളില്‍ എത്തിയത്. 52 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. കഴിഞ്ഞ ദിവസം നടന്ന ജര്‍മനി- ഇക്വഡോര്‍ മത്സരത്തോടെ, വിവിധ സ്റ്റേഡിയങ്ങളിലായി 36,05,357 പേര്‍ മത്സരങ്ങള്‍ കാണാനെത്തിയതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു. ടൂര്‍ണമെന്റില്‍ പകുതിയോളം മത്സരങ്ങള്‍ ബാക്കിനില്‍ക്കെ കാണികളുടെ എണ്ണം 50 ലക്ഷം പിന്നിടുമെന്നാണ് ഫിഫയുടെ കണക്കുകൂട്ടല്‍.

ഇക്കുറി ടിക്കറ്റ് നിരക്ക് വര്‍ധന കാണികളുടെ എണ്ണത്തെ കുറയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് കാണികളുടെ കുത്തൊഴുക്കാണ്. നോക്കൗട്ട് മത്സരങ്ങളില്‍ കാണികള്‍ കൂടുതലായെത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ത്തന്നെ വലിയ കാണിക്കൂട്ടത്തെയാണ് അമേരിക്കയില്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

content highlights: What a massive crowd..! Football fans set an all-time attendance record in the World Cup

To advertise here,contact us