സെമിവരെ മെസ്സിക്ക് സിംപിള്‍, ബ്രസീലിന് കഠിനം; പോര്‍ച്ചുഗലിന് മുള്‍പാത താണ്ടണം!

നോക്കൗട്ടില്‍ അര്‍ജന്റീനയ്ക്ക് ആദ്യ എതിരാളി കേപ് വെര്‍ദെ, പോര്‍ച്ചുഗലിന് എതിരാളി ക്രൊയേഷ്യ, ബ്രസീലിന് ജപ്പാനെ തോല്‍പ്പിക്കണം

ഇനി കണ്ണിമവെട്ടാതെ കാത്തിരിക്കണം. ഒരുവേള കളി കാണാതിരുന്നാല്‍ ചിലപ്പോള്‍ നഷ്ടമാവുക പ്രധാനപ്പെട്ട മത്സരമായിരിക്കും. അഥവാ, കാല്‍പ്പന്തു പ്രേമികളുടെ പ്രിയപ്പെട്ട ടീമുകളായ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും സ്‌പെയിനും ഫ്രാന്‍സും ജര്‍മനിയുമെല്ലാം ഇനി കളിക്കുന്നത് ജയിക്കാന്‍ മാത്രമാണ്. തോറ്റാല്‍ പുറത്തേക്കാണ് എന്നതിനാല്‍ ഇനി മരണക്കളിയാണ് നടക്കുന്നത്.

ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കേണ്ട ചില മത്സരങ്ങളുണ്ട്; ഇക്കുറി നോക്കൗട്ടില്‍ ആദ്യം, റൗണ്ട് ഓഫ് 32-ലെ മത്സരങ്ങളാണ്. ഗ്രൂപ്പുഘട്ടം പിന്നിട്ടതോടെ മത്സരക്രമമായി. ആരാധകര്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ചില ക്ലാസിക് പോരാട്ടങ്ങള്‍ക്കാണ്. പോര്‍ച്ചുഗല്‍-ക്രൊയേഷ്യ, ബ്രസീല്‍-ജപ്പാന്‍, ബെല്‍ജിയം-സെനഗല്‍, ഇംഗ്ലണ്ട്-ഡിആര്‍ കോംഗോ, ഫ്രാന്‍സ്-സ്വീഡന്‍, ജര്‍മനി-പാരഗ്വായ്, അര്‍ജന്റീന-കേപ് വെര്‍ദെ എന്നിവയാണ് ആരാധകര്‍ ഉറ്റുനോക്കുന്ന പ്രധാന മത്സരങ്ങള്‍. ഇതില്‍ ബ്രസീലിനും പോര്‍ച്ചുഗലിനും ആദ്യ മത്സരം തന്നെ കഠിനമാണ്. ക്രൊയേഷ്യക്കെതിരെ പോര്‍ച്ചുഗലിന് ജയം അത്ര എളുപ്പമാകില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമില്ലാത്തതും ടീമിന് തിരിച്ചടിയാണ്. ബ്രസീല്‍, അതിവേഗക്കാരായ ജപ്പാനെയാണ് എതിരിടുന്നത്. ടീം അതിന്റെ താളം വീണ്ടെടുത്തു തുടങ്ങി എന്നത് പ്രതീക്ഷയാണെങ്കിലും ജപ്പാന്റെ പ്രസ്സിങ് ഗെയിം വെല്ലുവിളിയാകും. കഴിഞ്ഞവര്‍ഷം സൗഹൃദ മത്സരത്തില്‍ ജപ്പാന്‍ ബ്രസീലിനെ തോല്‍പ്പിച്ചിട്ടുണ്ട് എന്ന അധിക ദൂരം പോകാത്ത ചരിത്രവും ഇവിടെയുണ്ട്. സ്‌പെയിന് ഓസ്ട്രിയയാണ് എതിരാളി.

ആദ്യമത്സരത്തില്‍ കേപ് വെര്‍ദെക്കെതിരെ വെള്ളം കുടിച്ചെങ്കിലും പിന്നീട് താളം കണ്ടെത്തി തിരിച്ചെത്തിയിട്ടുണ്ട് സ്‌പെയിന്‍. അവസാന നിമിഷമാണ് ഓസ്ട്രിയ നോക്കൗട്ടിലെത്തിയത്. അവരുടെ കളി ശൈലി സ്‌പെയിന് വെല്ലുവിളിയായേക്കും. അര്‍ജന്റീനയ്ക്ക് കേപ് വെര്‍ദെ എന്നത് സേഫ സോണാണെങ്കിലും അവരെ തളയ്ക്കുക എന്നത് ടാസ്‌ക്കാണ്. അവരുടെ പ്രതിരോധമാണ് കടുപ്പമാകുന്നത്. സ്‌പെയിനെ വരെ സമനിലയില്‍ കുരുക്കിയ ടീമാണ് കേപ് വെര്‍ദെ. ജര്‍മനിക്ക് പാരഗ്വായ് അത്ര കഠിനമാകാനിടയില്ല. എന്നാല്‍ ശ്രദ്ധയോടെ കളിച്ചില്ലെങ്കില്‍ പണികിട്ടുമെന്നാണ് ഭയം. മറ്റു മത്സരങ്ങളും ഗ്രൗണ്ടിനെ തീപിടിപ്പിക്കും. അതുകൊണ്ട് ഒരുമത്സരമെങ്ങാനും മിസ്സായാല്‍ നഷ്ടമേറെയാണ്.

content highlights: Simple for Messi till the semis, tough for Brazil; Portugal has to tread a path of thorns!

To advertise here,contact us