32 മിനുട്ടുകൾക്കുള്ളിൽ പിറന്ന ലോകകപ്പ് ഫുട്ബോളിലെ ഹാട്രിക്. ലോകോത്തര സ്ട്രൈക്കർ കിലിയൻ എംബാപ്പെയും എർലിങ് ഹാളണ്ട് എന്ന സൂപ്പർ ഫിനിഷറും നേർക്കുനേർ വരുന്നൊരു പോരാട്ടം. എന്നാൽ ഈ രണ്ടുപേരുമല്ല ആ വിസ്മയം കാണിച്ചത്. അയാളുടെ പേര് ഒസ്മാൻ ഡംബലെ.29 വയസുള്ള ഫ്രഞ്ച് താരം. ഈ പ്രായത്തിനിടയിൽ ലോകകപ്പും ചാമ്പ്യൻസ് ലീഗും ബാലൺ ഡി ഓറും സ്വന്തമാക്കിയ കളിക്കാരൻ. ഈ മൂന്ന് ബഹുമതികളും നേടിയ പത്തിൽ ഒരാൾ.ഇപ്പോൾ ഒന്നുകൂടി. ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടിയ ഫ്രഞ്ചു താരം എന്ന നേട്ടം. ലോകകപ്പിൽ കിക്കോഫിന് പിന്നാലെ കുറിക്കപ്പെടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രികിന് ഉടമ.
ലോകകപ്പ് ഫുട്ബോളിൽ ആദ്യ പകുതിയിൽ ഒരു ഹാട്രിക് പിറക്കാൻ വേണ്ടിയുള്ള നീണ്ട 32 വർഷത്തെ കാത്തിരിപ്പാണ് ഫ്രാൻസ്- നോർവെ മത്സരത്തോടെ അവസാനിച്ചത്. ജില്ലറ്റ് സ്റ്റേഡിയത്തിൽ കളി തുടങ്ങി അധികം വൈകാതെ തന്നെ ഫ്രാൻസ് ആധിപത്യം സ്ഥാപിച്ചു. ഗോൾഡൻ ബൂട്ട് പോരിൽ മുന്നിലുള്ള സഹതാരം എംബാപ്പെയെ അപ്രസക്തനാക്കി ഡെംബെലെ മത്സരത്തിന്റെ കേന്ദ്രബിന്ദുവായി മാറാൻ അധികസമയമെടുത്തില്ല.ഇത്തവണ വലകുലുക്കാനല്ല, അതിനുള്ള വഴിവെട്ടാനായിരുന്നു എംബാപ്പെയുടെ നിയോഗം. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ നോർവെ വല ആദ്യം കുലുങ്ങി. കിലിയൻ എംബാപ്പെ നൽകിയ മനോഹരമായ ഒരു ലോങ്-റേഞ്ച് ഡയഗണൽ പാസ് വലതുവിങിലേക്ക് ഡെംബെലെയെ ലക്ഷ്യമാക്കി എത്തി. പന്ത് സ്വീകരിച്ച ഡെംബെലെ, തന്നെ മാർക്ക് ചെയ്ത പ്രതിരോധ താരത്തെ പെട്ടെന്നുള്ള നീക്കത്തിലൂടെ വെട്ടിച്ച് മുന്നേറി. ബോക്സിനുള്ളിലേക്ക് കടന്ന് നോർവീജിയൻ ഗോൾകീപ്പറെ കീഴ്പ്പെടുത്തി തൊടുത്ത ശക്തമായ റൈറ്റ്-ഫൂട്ടഡ് സ്ട്രൈക്ക് ഫ്രാൻസിന് ആദ്യ ലീഡ് സമ്മാനിച്ചു.
ഇരുപതാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോൾ. ആ ഗോളിന്റെയും തുടക്കം എംബാപ്പെയുടെ നീക്കത്തിൽ നിന്നാണ് തുടങ്ങിയത്. ഫ്രഞ്ച് ക്യാപ്റ്റൻ നൽകിയ പാസ് വീണ്ടും വലതുവശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൃത്യമായി ഡെംബെലെക്ക് ലഭിച്ചു. പന്ത് സ്വീകരിച്ച താരം,വളരെ അനായാസമായി തന്റെ പ്രിയപ്പെട്ട ഇടതുകാലിലേക്ക് പന്ത് മാറ്റിയ ശേഷം തൊടുത്ത ലോങ് റേഞ്ചർ നോർവീജിയൻ ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പോസ്റ്റിന്റെ വിദൂര കോണിലേക്ക് മനോഹരമായി വളഞ്ഞു കയറി.
തെലോ ആസ്ഗാർഡിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ നോർവേ ചെറിയ രീതിയിൽ ശ്രമം നടത്തിയെങ്കിലും, ഫ്രാൻസിന്റെ ആക്രമണത്തിന്റെ വേഗത ഒട്ടും കുറഞ്ഞില്ല. കളിയുടെ 32-ാം മിനിറ്റിൽ ഡെംബെലെ തന്റെ ചരിത്രപരമായ ഹാട്രിക് പൂർത്തിയാക്കി. വലതുഭാഗത്ത് നിന്ന് വീണ്ടും ബോക്സിനുള്ളിലേക്ക് കട്ട് ഇൻ ചെയ്ത് കയറിയ അദ്ദേഹം, പ്രതിരോധ താരങ്ങൾ നീക്കം നടത്തുന്നത് വരെ ക്ഷമയോടെ കാത്തുനിന്നു. ഒരിക്കൽ കൂടി ഡെംബലെയുടെ ഇടതുകാൽ പന്തിനെ പ്രഹരിച്ചു. രണ്ടാം ഗോളിന്റെ റിപ്ലേയെന്നവണ്ണം പന്ത് പോസ്റ്റിലേക്ക് വളഞ്ഞുകയറി.. 26 മിനുട്ടുകൾക്കിടയിൽ മൂന്ന് ഗോളുകൾ. ഗ്രൂപ്പ് ഐയിൽ മൂന്നാം ജയവും 9 പോയന്റുമായി ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കളായി നോക്കൌട്ടിലേക്ക് കടന്നു.
ഒരു അവിസ്മരണീയ രാത്രിയിൽ തകർന്നു വീണത് രണ്ട് ലോകകപ്പ് റെക്കോർഡുകൾ. ഉസ്മാൻ ഡെംബെലെയുടെ ഈ അസാധാരണ പ്രകടനം ഫിഫ ലോകകപ്പ് ചരിത്രത്തിൽ രണ്ട് വലിയ റെക്കോർഡുകളാണ് സമ്മാനിച്ചത്. 1994 ലോകകപ്പിൽ കാമറൂണിനെതിരെ റഷ്യയുടെ ഒലെഗ് സാലെങ്കോ ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ ശേഷം ഇതാദ്യമാമ് ലോകകപ്പ് ഫുട്ബോളിൽ മറ്റൊരു താരം ആദ്യപകുതിയിലെ ഹാട്രികിന് ഉടമയാകുന്നത്. അന്നും ഇന്നും അമേരിക്ക തന്നെയായിരുന്നു അതിന് വേദി എന്നത് യാദൃശ്ചികമാകാം.ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്ക് കളി തുടങ്ങി വെറും 32 മിനിറ്റിനുള്ളിലാണ് ഡെംബെലെ പൂർത്തിയാക്കിയത്. 1954-ലെ ടൂർണമെന്റിൽ ചെക്കോസ്ലോവാക്യക്കെതിരെ 24 മിനിറ്റിനുള്ളിൽ ഹാട്രിക് തികച്ച ഓസ്ട്രിയയുടെ എറിച്ച് പ്രോബ്സ്റ്റ് മാത്രമാണ് ഡെംബെലെയ്ക്ക് മുന്നിലുള്ളത്.
അഞ്ച് ഗോളുമായി അർജന്റീന നായകൻ ലയണൽ മെസ്സി നയിക്കുന്ന, ലോകകപ്പിന്റെ ഗോൾഡൻ ബൂട്ട് പോരിലേക്കും ഡെംബലെ ഈ ഹാട്രികോടെ അവകാശവാദം ഉന്നയിക്കാൻ തുടങ്ങി.നോർവെക്ക് എതിരായ മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു ഗോൾ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന ഡെംബെലെ, ഈ മൂന്ന് ഗോളുകളോടെ ആകെ ഗോൾ നേട്ടം നാലാക്കി ഉയർത്തി. സഹതാരം കിലിയൻ എംബാപ്പെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, നോർവേയുടെ എർലിങ് ഹാലണ്ട് എന്നിവർക്കൊപ്പമാണ് ഇപ്പോൾ ഗോൾവേട്ടയിൽ ഡെംബലെ. നാല് ഗോളുകളോടെ ഒപ്പമെത്തി.
Content highlight: Ousmane Dembele World Cup hat-trick news