ഫിഫയ്ക്കും അധ്യക്ഷൻ ജിയോവാനി ഇൻഫാന്റിനോയ്ക്കും എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് ഇറാൻ ക്യാപ്റ്റൻ മെഹ്ദി താരെമി. യാത്രാ നിയന്ത്രണങ്ങളും താമസ- യാത്രാ സൗകര്യങ്ങളിലെ പോരായ്മകളും കാരണം തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾ താളം തെറ്റി. ഈ ലോകകപ്പ് ടൂർണമെന്റ് തന്റെ ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തം ആയിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.
ഈജിപ്തിനെതിരായ സമനിലയോടെ ഇറാൻ ഗ്രൂപ്പ് ജിയിൽ മൂന്നാം സ്ഥാനത്താണ്. മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകളിൽ ഒന്നായി റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടാനാകുമോ എന്നറിയാൻ അവർക്ക് ഇനി ശനിയാഴ്ചത്തെ മറ്റ് മത്സര ഫലങ്ങൾ പുറത്തു വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.
വെള്ളിയാഴ്ച സിയാറ്റിലിൽ ഈജിപ്തിനെതിരായ ഇറാന്റെ 1-1 സമനിലയ്ക്ക് ശേഷം സംസാരിക്കവെ, ടൂർണമെന്റിന്റെ തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഫിഫ പരാജയപ്പെട്ടുവെന്ന് താരെമി കുറ്റപ്പെടുത്തി. മെക്സിക്കോയ്ക്കും യുഎസ്എയ്ക്കും ഇടയിലുള്ള നിരന്തരമായ യാത്രകൾ ടീമിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആരും ഞങ്ങളെ സഹായിക്കുന്നില്ല. ഇതൊരു ദുരന്ത ലോകകപ്പാണ്. ഞങ്ങളെ സംബന്ധിച്ച് തികച്ചും ഒരു ദുരന്തം. ഇവിടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഫിഫ ബാധ്യസ്ഥരാണ്. എന്നാൽ നിർഭാഗ്യവശാൽ തുടക്കം മുതൽ അത് പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിന് ശേഷം മിസ്റ്റർ ഇൻഫന്റീനോ ഞങ്ങളുടെ ഡ്രസിങ് റൂമിൽ വന്ന് ഇത് തുടക്കം മാത്രമാണെന്നും എല്ലാം ശരിയാക്കമെന്നും പറഞ്ഞിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടം അടുത്ത ദിവസം അവസാനിക്കുകയാണ്.' താരെമി കൂട്ടിച്ചേർത്തു.
Content highlight: iran football team slams fifa usa experience world cup misery