ലോകകപ്പ് ഫുട്ബോളിൽ ഇറാഖിനെ ഗോൾമഴയിൽ മുക്കി സെനഗൽ. ഗ്രൂപ്പ് ഐയിലെ നിർണായക പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തർ ഏഷ്യൻ ടീമിനെ തകർത്തത്. ജയത്തോടെ സെനഗൽ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ, തുടർച്ചയായ മൂന്നാം തോൽവിയോടെ ഇറാഖ് ടൂർണമെന്റിൽ നിന്ന് പുറത്തായി.
ടൊറന്റോയിൽ കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ സെനഗൽ മുന്നിലെത്തി. കോർണർ കിക്കിൽ നിന്നുള്ള ഹെഡ്ഡറിലൂടെ ഹബീബ് ഡിയാറ ടീമിനെ മുന്നിലെത്തിച്ചു. 13-ാം മിനിറ്റിൽ ഇറാഖിന് അടുത്ത പ്രഹരമേറ്റു. സെനഗൽ താരം സാദിയോ മാനെയെ ഫൗൾ ചെയ്തതിന് ഇറാഖ് പ്രതിരോധ താരം റബീൻ സുലാക ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. റഫറി ആദ്യം മഞ്ഞക്കാർഡാണ് നൽകിയതെങ്കിലും വാർ (VAR) പരിശോധനയിൽ അത് ചുവപ്പുകാർഡായി മാറി. പത്തുപേരുമായി ചുരുങ്ങിയിട്ടും ഒന്നാം പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങാതെ ഇറാഖ് പ്രതിരോധിച്ചു.
രണ്ടാം പകുതിയിൽ സെനഗലിന്റെ അഴിഞ്ഞാട്ടമാണ് മൈതാനത്ത് കണ്ടത്. 56-ാം മിനിറ്റിൽ ഇസ്മയിലാ സാറിലൂടെ സെനഗൽ രണ്ടാം ഗോൾ നേടി. പകരക്കാരനായി കളത്തിലിറങ്ങിയ പേപ് ഗിയെ വെറും 89 സെക്കൻഡുകൾക്കുള്ളിൽ ലോങ് റേഞ്ച് ഷോട്ടിലൂടെ ഇറാന്റെ വലചലിപ്പിച്ച് ലീഡ് 3-0 ആയി ഉയർത്തി. 71-ാം മിനിറ്റിൽ പേപ് ഗിയെ തന്റെ ഗോൾ നേട്ടം രണ്ടാക്കി. 82-ാം മിനിറ്റിൽ ഇൽമൻ എൻഡിയെ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ സെനഗലിന്റെ ഗോൾവേട്ട പൂർത്തിയാക്കി.
ഫ്രാൻസിനോടും നോർവെയോടും തോറ്റ സെനഗൽ ഗ്രൂപ്പ് ഐയിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ്. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർ റൌണ്ട് ഓഫ് 32ൽ എത്തുമെന്നതിനാൽ കണക്കുകൂട്ടലിലാണ് സെനഗൽ. എട്ട് ഗോളുകൾ അടിക്കുകയും രണ്ട് ഗോൾ മാത്രം വഴങ്ങുകയും ചെയ്ത സെനഗലിന് മികച്ച ഗോൾ വ്യത്യാസമാണ് പ്രതീക്ഷ നൽകുന്നത്.
Content highlight: FIFA World Cup Senegal five goal win Iraq news