കൊളംബിയക്കെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കാനിറങ്ങുമ്പോള്‍ ആരാധകരുടെ ശ്രദ്ധ ബൂട്ടില്‍ പതിയും. ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ (2006, 2010, 2014, 2018, 2022, 2026) ഗോള്‍നേടിയ ക്രിസ്റ്റിയാനോയെ ആദരിച്ച് നൈക്ക് നിര്‍മിച്ചുനല്‍കിയ 'ഗോള്‍ഡ് മെര്‍ക്കുറിയല്‍ സൂപ്പര്‍ഫ്ലൈ ആര്‍ജിഎന്‍' എന്ന സ്പെഷ്യല്‍ എഡിഷന് ബൂട്ടുകള്‍ ധരിച്ചാണ് അദ്ദേഹം കളിക്കുക. ഇതിനൊപ്പം 'CR7 ഗോള്‍ഡ് സ്കോര്പിയോണ്' എന്ന മറ്റൊരു പ്രത്യേക ബൂട്ട് കൂടി ഈ ലോകകപ്പ് കാലത്ത് നൈക്കി അദ്ദേഹത്തിനായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ഈ ബൂട്ടുകള്‍ ഇനിയുള്ള എല്ലാമത്സരത്തിലും ധരിക്കുമെന്ന് ക്രിസ്റ്റിയാനോ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ താരം ബൂട്ട് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ബൂട്ടിന്റെ ഭൂരിഭാഗവും തിളങ്ങുന്ന സ്വര്‍ണ്ണ നിറത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് റൊണാള്‍ഡോ കരിയറില്‍ നേടിയ നിരവധി ഗോള്‍ഡന്‍ ബൂട്ട്, ബാലണ്‍ ദ്യോര്‍ പുരസ്കാരങ്ങളെയും അദ്ദേഹത്തിന്റെ രാജകീയ കരിയറിനെയും സൂചിപ്പിക്കുന്നു. റൊണാള്‍ഡോയുടെ ഐക്കണിക് ബ്രാന്‍ഡ് നാമമായ 'CR7' എന്ന ലോഗോ ബൂട്ടിന്റെ വശങ്ങളില് വളരെ വ്യക്തമായി സ്വര്‍ണ ലിപികളില്‍ തന്നെ പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റെക്കോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് 6 വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ പുരുഷ താരം എന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്ത മത്സരത്തിലായിരുന്നു ഈ നേട്ടം. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ഇതിഹാസ താരം യുസേബിയോയുടെ റെക്കോഡും റൊണാള്‍ഡോ ഈ ടൂര്‍ണമെന്റോടെ മറികടന്നു. ലോകകപ്പുകളില്‍ റൊണാള്‍ഡോയുടെ ആകെ ഗോള്‍ നേട്ടം ഇപ്പോള്‍ 10 ആയി. ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന ബഹുമതിയും (41 വയസ്സും 138 ദിവസവും) ഉസ്ബെക്കിസ്ഥാനെതിരായ ഗോളിലൂടെ അദ്ദേഹം സ്വന്തമാക്കി. 42-ാം വയസ്സില്‍ ഗോള്‍ നേടിയ കാമറൂണിന്റെ റോജര്‍ മില്ലയാണ് ഒന്നാമത്.
content highlights: Watch out for Cristiano playing against Colombia; Ronaldo will shine in the Golden Boot race