ഗോളെണ്ണത്തിൽ ചരിത്രം; റൊണാൾഡോയ്ക്ക് NIKE വക ഗോൾഡൻ ബൂട്ട്

വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ​ഗോളുകൾ നേടിയിരുന്നു

കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനെതിരായ ലോകകപ്പിലെ പോർച്ചു​ഗലിന്റെ രണ്ടാം പോരാട്ടത്തിൽ വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ​ഗോളുകൾ നേടിയിരുന്നു. മാത്രമല്ല ആറ് ലോകകപ്പുകളിൽ ​ഗോൾ നേടിയ ഒരേയൊരു താരമെന്ന റെക്കോർഡ് മത്സരത്തിൽ ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 41ാം വയസിലും തന്റെ ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയം പ്രകടനത്തിലൂടെ ഇതിഹാസ നായകൻ ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.

പിന്നാലെ പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കി പോർച്ചു​ഗൽ നായകനു ആദരവുമായി എത്തി. ക്രിസ്റ്റ്യാനോയുടെ 20 വർഷം നീണ്ട ലോകകപ്പ് കരിയറിനെ അടയാളപ്പെടുത്തുന്ന സവിശേഷമായ പ്രത്യേക ബൂട്ടുകൾ ഇറക്കിയാണ് കമ്പനി താരത്തിന്റെ റെക്കോർഡ് ​ഗോൾ നേട്ടത്തിനു ആദരം അർപ്പിച്ചിരിക്കുന്നത്.

കരിയറിലെ ആറാം ലോകകപ്പാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്. ആറ് ലോകകപ്പുകളിലും താരം ​ഗോൾ നേടി. ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. ആറ് ലോകകപ്പുകളിൽ ​ഗോൾ നേടിയ ഒരേയൊരു താരം. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിലാണ് ​ഗോൾ നേട്ടം. പിന്നാലെയാണ് ഈ നേട്ടത്തെ നൈക്കി ആദരിച്ചത്.

സിആർ7ന്റെ 20 വർഷം നീണ്ട ലോകകപ്പ് കരിയറിനെ അടയാളപ്പെടുത്താൻ 'ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർജിഎൻ' എന്ന സ്പെഷ്യൽ എഡിഷൻ ബൂട്ടുകളാണ് നൈക്കി വിപണിയിലിറക്കിയത്. ഈ ഞായറാഴ്ച കൊളംബിയക്കെതിരെ നടക്കുന്ന പോർച്ചുഗലിന്‍റെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റൊണാൾഡോ ഈ സ്വർണ ബൂട്ടുകളണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് വിവരം.

Content highlights:cristiano-ronaldo-nike-golden-boot-goal-scoring-record

To advertise here,contact us