2026 ഫിഫ ലോകകപ്പിൽ ഇറാൻ ഇതുവരെ നേരിട്ട യാത്രാവിലക്കുകളിൽ ഇളവ് വരുത്തി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇതിന്റെ ഭാഗമായി ജൂൺ 27 ന് ഈജിപ്തിനെതിരെ നടക്കുന്ന മത്സരത്തിന് രണ്ട് ദിവസം മുൻപ് അമേരിക്കയിലേക്ക് പ്രവേശിക്കാൻ ടീമിന് അനുമതിയും ലഭിച്ചു. സിയാറ്റിൽ സ്റ്റേഡിയത്തിൽ വച്ചാണ് ഇറാന്റെ ഈജിപ്റ്റിനെതിരായ മത്സരം അരങ്ങേറുന്നത്.
48 ടീമുകളാണ് ഇത്തവണ ലോക ഫുട്ബോൾ മാമാങ്കത്തിൽ പന്ത് തട്ടുന്നത്. അതിൽ മറ്റ് എല്ലാ ടീമുകൾക്കും ലഭിക്കുന്ന പരിഗണനയും ആനുകൂല്യവും തങ്ങൾക്കും ലഭിക്കണമെന്ന് ഇറാൻ ടീം ആവശ്യം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന് അനുകൂലമായ നിലപാടുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
ഇറാൻ - അമേരിക്ക സംഘർഷത്തെ തുടർന്നായിരുന്നു യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഇറാൻ ടീമിനുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ, പുതുതായി വരുത്തിയ ഇളവുകൾ പ്രകാരം ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിനായി ഇറാൻ ടീമിന് ബുധനാഴ്ച്ച തങ്ങളുടെ ബേസ് ക്യാമ്പിൽ നിന്ന് യാത്ര തിരിക്കാം. തൊട്ടടുത്തദിവസമായ വ്യാഴാഴ്ച്ച വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഇറാൻ പരിശീലനവും നടത്തും. അതേസമയം, ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിന് ശേഷം താമസമില്ലാതെ യുഎസ് വിട്ടുപോണമെന്ന കടുത്ത നിബന്ധനയിൽ യാതൊരു മാറ്റവുമില്ല.
Content highlight: US eases travel restrictions on Iran World Cup football team