ഇന്നലെ വിമർശിച്ചവർക്കും തള്ളിപ്പറഞ്ഞവർക്കും ഉള്ള മറുപടിയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിക്കളത്തിലെ പ്രകടനം. ഉസ്ബെക്കിസ്താനെതിരെ പോർച്ചുഗലിനായി രണ്ട് ഗോളുകളായിരുന്നു റോണോ ഇന്നലെ മത്സരത്തിൽ സ്വന്തമാക്കിയിരുന്നത്. എന്നാൽ, മത്സരശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ റൊണാൾഡോയ്ക്ക് തന്റെ ദേഷ്യം അടക്കാനായിരുന്നില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളായിരുന്നു ഇന്നലെ റോണോയെ ചൊടിപ്പിക്കാൻ ഇടയായത്.
സംഭവം ഇങ്ങനെ, ഉസ്ബെക്കിസ്താനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് അര്‍ജന്റീനിയൻ നായകന് ലയണൽ മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒരു മധ്യപ്രവർത്തകൻ ചോദിക്കുകയായിരുന്നു. 'ഇന്നലെ ലിയിണൽ മെസി രണ്ട് ഗോളുകൾ നേടി, കിലിയൻ എംബാപ്പെ…' എന്ന ചോദ്യം ചോദിച്ച് തുടങ്ങിയതും അതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് റൊണാൾഡോ മുഖം തിരിക്കുകയും മറ്റൊരു മാധ്യമപ്രവർത്തകനോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന മാധ്യമങ്ങളുമായുള്ള സംവാദത്തിനിടയിൽ മെസിയുമായുള്ള താരതമ്യങ്ങൾ ഉയർന്നുവന്നതാണ് പോർച്ചുഗീസ് നായകനെ അസ്വസ്ഥനാക്കിയത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഈ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടം എത്തുമ്പോൾ അർജന്റീനയും പോർച്ചുഗലും ഏറ്റുമുട്ടാനുള്ള സാധ്യതയെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ' ഈ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്ന് എനിക്ക് അറിയില്ല, എങ്കിലും ഇരുടീമുകളും നേർക്കുനേർ വന്നാൽ അത് ടോപ് ഗെയിം അറിയിക്കും', എന്നായിരുന്നു റൊണാൾഡോയുടെ മറുപടി.
Content highlight: Ronaldo turns away hearing Lionel Messi name viral video