ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് കിരീട പ്രതീക്ഷയിൽ മുന്നിലുള്ള പോർച്ചുഗൽ ടീം. സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ വലിയ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ടീമിലെ താരങ്ങൾ തമ്മിലുള്ള മാനസിക അടുപ്പമില്ലായ്മയടക്കമുള്ളവയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ചേരിപ്പോരിനും വരെ വഴിയൊരുക്കി.
ഇന്ന് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ നേരിടാൻ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമാണ്. ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു കടക്കാനുള്ള സാധ്യത നിലനിർത്താൻ സാധിക്കു എന്ന നിലയിലാണ് അവർ ഇറങ്ങുന്നത്.
അതിനിടെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ നിർണായക ചോദ്യത്തിനുള്ള മൗനം വലിയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പറയാൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് തയ്യാറായില്ല. മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ എവിടെയും തൊടാതെയുള്ള മറുപടി.
Content highlights:will-cristiano-ronaldo-play-today-portugal-coach-roberto-martinez-reaction