2026 ഫിഫ ലോകകപ്പിൽ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഗോൾ കീപ്പർമാർ നടത്തിക്കൊണ്ടിരിക്കുന്നത്. കാബോ വെർദെയുടെ ഗോൾ കീപ്പർ വൊസിന്യ, ക്യുറസാവോയുടെ രക്ഷകനായ എലോയ് റൂം ഇപ്പോഴിതാ ഇറാന്റെ അലിറെസ ബെയ്റൻവാണ്ട്. ഏവരെയും അതിശയിപ്പിക്കുന്ന സേവുകൾ നടത്തിയാണ് അലിറെസ ഇപ്പോൾ താരമായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശക്തരായ ബെൽജിയത്തെ ഗോളടിക്കാൻ അനുവദിക്കാതെ ഗോൾവല കാത്തുകൊണ്ട് അസാധ്യ പ്രകടനമായിരുന്നു താരം പുറത്തെടുത്തുകൊണ്ടിരുന്നത്. എതിരാളികൾ ഗോൾ എന്ന് ഉറപ്പിച്ച 7 ഷോട്ടുകളായിരുന്നു അലിറെസ മത്സരത്തിൽ തട്ടിയകറ്റിയത്.
ആരാണ് അലിറെസ ബെയ്റൻവാണ്ട്?
ഇറാനിലെ ലൊറെസ്താൻ പ്രവിശ്യയിലുള്ള ഒരു നാടോടി കുടുംബത്തിലാണ് അലിറെസ ബെയ്റൻവാണ്ട് ജനിക്കുന്നത്. ജീവിതത്തിൽ നേരിടേണ്ടി വന്ന ഓരോ പ്രതിസന്ധികളും മറികടന്നാണ് ഫുട്ബോളിന്റെ ഈ ലോക വേദിയിലേക്ക് 33കാരനായ അലിറെസ എത്തുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. തന്റെ ആ പ്രതിഭ ബെൽജിയത്തിനെതിരായ മത്സരത്തിൽ അദ്ദേഹം ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു.
ബെൽജിയം - ഇറാൻ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബെൽജിയം താരം മാക്സിം ഡി കുയ്പ്പർ പായിച്ച രണ്ട് ഗോൾ ശ്രമങ്ങളാണ് അലിറെസ അവിശ്വസനീയമായി തട്ടിയകറ്റിയത്. അതിൽ തന്നെ 59ാം മിനിറ്റിൽ താരം നടത്തിയ ഗോൾ ശ്രമം നിഷ്പ്രഭമാക്കിയ വിധം ഫുട്ബോൾ ലോകത്തെ അമ്പരപ്പിക്കുന്നത് തന്നെയായിരുന്നു. ബോക്സിനുള്ളിൽ വെച്ച് ബെൽജിയം നടത്തിയ മികച്ച നീക്കത്തിനൊടുവിലായിരുന്നു അദ്ദേഹത്തിന്റെ ഈ കിടു സേവ്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി ആയിരുന്നു അലിറെസയുടെ സേവ് മാറിയത്. അലിറെസയുടെ സേവ് കണ്ട് ശേഷം ബെൽജിയം താരങ്ങൾ അടക്കം ഏവരും തലയിൽ കൈവെച്ച് നിൽക്കുന്ന കാഴ്ച്ചയും കണ്ടു. മറ്റ് 10 താരങ്ങളെ മറികടന്ന് ഗോൾമുഖത്ത് എത്തിയാലും അലിറെസയെ മറികടക്കാനാവാത്ത സ്ഥിതിയായിരുന്നു എതിരാളികൾക്ക് മൈതാനത്ത്.
Content highlight: Who is Alireza Beiranvand Iranian goalkeeper shines against Belgium World Cup