'അത് അനാവശ്യം' ; ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ കളിയുടെ താളം തെറ്റിക്കുന്നുവെന്ന് സ്‌കലോണി

ടീമുകളുടെ തന്ത്രപരമായ സമീപനങ്ങളെ മാറ്റാൻ കെൽപ്പുള്ള ഇടവേള കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ലോകകപ്പിൽ ഫിഫ നടപ്പിലാക്കിയ ഹൈഡ്രേഷൻ ബ്രെയ്ക്കുകളെ വിമർശിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോനി. രണ്ട് പകുതികളിലായുള്ള രണ്ട് ഹൈഡ്രേഷൻ ഇടവേളകൾ മത്സരത്തിന്റെ താളം തെറ്റിക്കുന്നതാണെന്നു അദ്ദേഹം പറയുന്നു. ടീമുകളുടെ തന്ത്രപരമായ സമീപനങ്ങളെ മാറ്റാൻ കെൽപ്പുള്ള ഇടവേള കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കരുത്തരായ ഓസ്ട്രിയക്കെതിരായ രണ്ടാം പോരാട്ടത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അർജന്റൈൻ പരിശീലകൻ വിമർശനമുന്നയിച്ചത്.

ഇരു പകുതികളുടേയും മധ്യഭാഗത്തായി നിര്‍ബന്ധമായും നല്‍കുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഇടവേളകള്‍ കളിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നു. പരിശീലകര്‍ക്ക് തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ ഇത് അധിക സമയം നല്‍കുന്നുവെന്നും സ്‌കലോനി ചൂണ്ടിക്കാട്ടി. ഇത്തരം ഇടവേളകൾ ചെറിയ ടീമുകൾക്കാണ് കൂടുതൽ ഉപകാരപ്പെടുന്നത് എന്നും അദ്ദേഹം പറയുന്നു.

'48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഫോര്‍മാറ്റില്‍ ഗ്രൂപ്പ് ഘട്ടങ്ങള്‍ എപ്പോഴും കടുപ്പമേറിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ചൂടും ഈ ഹൈഡ്രേഷന്‍ ബ്രേക്കുകളും കൂടെയുള്ളപ്പോള്‍ കളി ഇടയ്ക്കിടെ തടസപ്പെടുന്നു. ചെറിയ ടീമുകള്‍ക്ക് ഒത്തുചേരാനും തന്ത്രങ്ങള്‍ മെച്ചപ്പെടുത്താനും ഇത് അധിക സമയം നല്‍കുന്നുണ്ടാകാം. എന്നാല്‍ പകുതി സമയത്ത് ലഭിക്കുന്ന വെറും മൂന്നര മിനിറ്റ് ഇടവേള കൊണ്ട് ടീമിനോട് സംസാരിക്കുക എന്നത് പ്രയാസകരമാണ്. അത്തരം സാഹചര്യത്തില്‍ ഈ പുതിയ ഇടവേളകള്‍ ഇരു ടീമുകള്‍ക്കും തന്ത്രപരമായ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമായി മാറുന്നു.'

'പുതിയതായി വന്ന ഈ ഇടവേള സത്യത്തിൽ വിചിത്രമായ അനുഭവമാണ്. കാലക്രമേണ ഇത് സാധാരണമായി മാറിയേക്കാം. എന്നാല്‍ ഇപ്പോള്‍ കളിയുടെ താളം നഷ്ടപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു'- സ്കലോനി വ്യക്തമാക്കി.

Content highlights:

To advertise here,contact us