തുര്‍ക്കിക്കെതിരായ മത്സരത്തിന്റെ 65-ാം സെക്കന്ഡിലെ ഗോളില്‍ ജയിച്ചുകയറി പാരഗ്വായ്. മത്തിയാസ് ഗലാര്‍സയാണ് പാരഗ്വായ്യുടെ വിജയഗോള്‍ നേടിയത്. ആദ്യ പകുതി ആരംഭിച്ചതിനു പിന്നാലെയാണ് തുര്‍ക്കി ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി പാരഗ്വേ ഗോളടിച്ചത്. ഈ ഗോളിന്റെ ബലത്തിലായിരുന്നു ജയം. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. 01:05 ല്‍ മത്തിയാസ് ഗലാര്‍സ നേടിയ ഗോള്‍, ഒരു ലോകകപ്പില്‍ ഒരു തെക്കേ അമേരിക്കന്‍ ടീം നേടുന്ന ഏറ്റവും വേഗതയേറിയ ഗോളാണ്. 1998-ല്‍ നൈജീരിയക്കെതിരെ 52 സെക്കന്‍ഡില്‍ പാരഗ്വായ്യുടെ സെല്‍സോ അയല ഗോള്‍ നേടിയ ഗോളിനെയാണ് മത്തിയാസ് ഗലാര്‍സ മറികടന്നത്.
ആദ്യ പകുതിയുടെ അധിക സമയത്ത് നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ പാരഗ്വായ് മിഡ്ഫീല്‍ഡര്‍ക്ക് റഫറി മാര്‍ച്ചിങ് ഓര്‍ഡര്‍ നല്കി. തുര്‍ക്കി താരം മെര്‍ട്ട് മുള്‍ഡറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ പാരഗ്വായ് മിഡ്ഫീല്‍ഡര്‍ മിഗ്വല്‍ അല്മിറോണ് വായ പൊത്തി സംസാരിച്ചു. നടപടി ആവശ്യപ്പെട്ട് മെര്‍ട്ട് മുള്‍ഡര്‍ റഫറിയെ സമീപിച്ചതോടെ വിഎആര്‍ പരിശോധനയ്ക്കു ശേഷം മിഗ്വല്‍ അല്‍മിറോണിന് റെഡ് കാര്‍ഡ് നല്കി. വാക്കുതര്‍ക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിന് ലോകകപ്പില്‍ റെഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ കളിക്കാരനാണ് മിഗ്വല്‍ അല്മിറോണ്. ഇതോടെ പാരഗ്വായ് പത്ത് പേരായി ചുരുങ്ങി.
എന്നിട്ടും തുര്‍ക്കിക്ക് ഗോളടിക്കാനായില്ല. ഒട്ടേറെ ഷോട്ടുകളാണ് പാരഗ്വായ് ഗോള്‍മുഖത്തേക്ക് തുര്‍ക്കി ലക്ഷ്യമിട്ടത്. എന്നാല്‍ ഒന്നുപോലും വല കുലുക്കിയില്ല. ഇതോടെ തുര്‍ക്കി ഏറെക്കുറെ ലോകകപ്പില്‍നിന്ന് പുറത്തായ സ്ഥിതിയിലാണ്.
content highlights: Turkey knocked out despite putting up a fight; Paraguay clinches victory by a single goal