'മെസി ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം തന്നെ, പക്ഷെ...; മനസുതുറന്ന് ലാമിൻ യമാൽ

2026 ലോകകപ്പിൽ അള്‍ജീരിക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ കിരീടജേതാക്കളായ അര്ജന്റീനക്കായി മെസി ഹാട്രിക് നേടിയ പശ്ചാത്തലത്തിലാണ് യമാലിന്‍റെ ഈ പ്രതികരണം

കാൽപന്ത് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി തന്നെയെന്ന് ലാമിൻ യമാൽ. അദ്ദേഹത്തിന്റെ പ്രതിഭയെച്ചൊല്ലി യാതൊരുവിധ തർക്കങ്ങളുടേയും ആവശ്യമില്ലെന്നും കളിക്കുന്ന ഓരോ മത്സരത്തിലും അദ്ദേഹം തന്‍റെ മഹത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും യമാൽ പറഞ്ഞുവെച്ചു. അതേസമയം, യമാൽ മെസിയെ വാനോളം പുകഴ്ത്തുമ്പോഴും തന്‍റെ എക്കാലത്തെയും ഹീറോ മറ്റൊരു താരമാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് സ്പെയിനിന്റെ കൗമാര താരം ലാമിൻ യമൽ. ആർടിവിഇയോട് ആയിരുന്നു താരത്തിന്റെ ഈ തുറന്ന് പറച്ചിൽ.

'കളിക്കുന്ന ഓരോ കളികളിലും താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് മെസി പലയാവർത്തിയായി തെളിയിക്കുകയാണ്. ആർക്കെങ്കിലും ആ കാര്യത്തിൽ സംശയമുണ്ടെങ്കിൽ അത് അവർ മനപൂർവ്വം കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് കൊണ്ട് മാത്രമാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇതൊക്കെയാണെങ്കിലും എന്‍റെ എക്കാലത്തെയും വലിയ റോള്‍ മോഡല്‍ ബ്രസീലിന്റെ നെയ്മർ തന്നെയാണ്', യമാല്‍ മനസ് തുറന്നു.

2026 ലോകകപ്പിൽ അള്‍ജീരിക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ കിരീടജേതാക്കളായ അര്ജന്റീനക്കായി മെസി ഹാട്രിക് നേടിയ പശ്ചാത്തലത്തിലാണ് യമാലിന്‍റെ ഈ പ്രതികരണം. ഈ ഹാട്രിക് നേട്ടത്തോടെ 16 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. ഈ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പവും മെസി എത്തിച്ചേർന്നു.

Content highlight: Lamine Yamal opens up about Lionel Messi

To advertise here,contact us