മെക്‌സിക്കന്‍ വേവില്‍ വിറച്ച് ദക്ഷിണ കൊറിയ; ആതിഥേയര്‍ക്ക് രണ്ടാം ജയം

ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ആവേശപ്പോരാട്ടമായിരുന്നു ഗുദലഹാര സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണ കൊറിയയുടെ ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയപ്പോള്‍ ജയിച്ചത് ആതിഥേയര്‍ തന്നെ. ഏകപക്ഷീയമായ ഒരുഗോളിന്റെ ജയത്തോടെയാണ് മെക്‌സിക്കോ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.

50-ാം മിനിറ്റില്‍ ലുയിസ് റോമോയാണ് മെക്‌സിക്കോയ്ക്കുവേണ്ടി ഗോളടിച്ചത്.മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളിലേക്ക് എത്താന്‍ കൊറിയക്ക് സാധിച്ചില്ല. ഒട്ടേറെ ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനുമായില്ല. 57 ശതമാനം പന്തടക്കം കൊറിയക്കാരുടെ കാലിലായിരുന്നു. നിരന്തരം മെക്‌സിക്കന്‍ പോസ്റ്റില്‍ അപകടഭീഷണി സൃഷ്ടിക്കാനും അവര്‍ക്കായി. എന്നാല്‍ ഗോള്‍വലയ്ക്ക് മുന്നില്‍ റൗള്‍ റെയ്ഞ്ചല്‍ മികച്ച പ്രകടനം നടത്തിയതും പ്രതിരോധനിര കരുത്തുകാട്ടിയതും ദക്ഷിണ കൊറിയക്ക് തിരിച്ചടിയായി.

രണ്ടുകളിയില്‍ രണ്ടിലും ജയിച്ച മെക്‌സിക്കോ ആറുപോയിന്റോടെ ഒന്നാമതെത്തി. രണ്ടുമത്സരത്തില്‍ ഓരോ ജയവും തോല്‍വിയുമായി ദക്ഷിണ കൊറിയ മൂന്നുപോയിന്റോടെ രണ്ടാമതാണ്. ഗ്രൂപ്പില്‍ ചെക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഓരോ പോയിന്റോടെ മൂന്നും നാലും സ്ഥാനത്തുണ്ട്.

content highlights: South Korea Rattled by the Mexican Wave; Second Win for the Hosts

To advertise here,contact us