ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി അരങ്ങേറ്റം കുറിച്ച ഉസ്ബെകിസ്താന്റെ മത്സര ഫലത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കോച്ച് ഫാബിയോ കന്നവാരോ. കൊളംബിയയോട് ഒന്നിനെതിരെ മൂന്നുഗോളിനാണ് ഉസ്ബെകിസ്താന്‍ തോറ്റത്. 60-ാം മിനിറ്റിലാണ് ഉസ്ബെകിസ്താന്‍ തങ്ങളുടെ ഗോളടിച്ചത്. ഉസ്ബെകിസ്താനുവേണ്ടി അബൊസ്ബെക് ഫൈസുള്ളയാമ് ഗോളടിച്ചത്. മത്സരം കൊളംബിയയുടെ വരുതിയിലായിരുന്നെങ്കിലും കടുത്ത പോരാട്ടമാണ് ഉസ്ബെകിസ്താന്‍ കാഴ്ചവെച്ചത്. ടീമിന്റെ പോരാട്ടത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അഭിമാനകരമെന്നായിരുന്നു പരിശീലകന് കന്നവാരോയുടെ മറുപടി.
മത്സരശേഷം തന്റെ ടീമിനെ അഭിനന്ദിക്കാനും മുന്‍ ഇറ്റാലിയന്‍ ഇതിഹാസ താരം മറന്നില്ല. ടീമിന്റെ കളിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഇത് അഭിമാനകരമാണെന്നും കന്നവാരോ പറഞ്ഞു. മെക്സിക്കോയിലെ കാലവസ്ഥയില്‍ കളിക്കുന്നത് ദുഷ്കരമാണ്. ഇതിനെ അതിജീവിച്ചാണ് താരങ്ങള്‍ പോരാടിയത്. കൊളംബിയക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിച്ചത്. ആ സാഹചര്യത്തിലാണ് ഉസ്ബെകിസ്താന്‍ കളിക്കുന്നത്. അവിടെയെല്ലാം മികച്ച ആധിപത്യം പുലര്‍ത്തി കളിക്കാന്‍ ടീമിനായെന്നും കന്നവാരോ പറഞ്ഞു.
മികച്ച ടീമിനോട് കളിക്കുമ്പോള്‍ 3-1 പോലുള്ള സ്കോറിന് തോല്‍ക്കുന്നത് വലിയ പ്രശ്നമുള്ള കാര്യമല്ല. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സ്കോറെന്നും കന്നവാരോ പറയുന്നു. അതേസമയം, കൊളംബിയയുടെ പോരാട്ടത്തെ അവരുടെ കോച്ച് നെസ്റ്റര്‍ ലോറന്‍സോ അഭിനന്ദിച്ചു. കാണികളുടെ പിന്തുണയെയും കോച്ച് പ്രശംസിച്ചു. ഉസ്ബെകിസ്താന്റെ അടുത്ത മത്സരം പോര്ച്ചുഗലിനെതിരായണ്. ശേഷം കോംഗോയ്ക്കെതിരെയും ഉസ്ബെകിസ്താന്‍ കളിക്കും.
content highlights: Despite the Loss, Cannavaro Is Happy; Uzbekistan Put Up a Fight to Be Proud Of