ഇരട്ട ഗോളുമായി ഹാരി കെയ്ന്‍; ക്രൊയേഷ്യക്കെതിരെ പകരം വീട്ടി ഇംഗ്ലണ്ട്

2018ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലില്‍ തകർത്ത ടീം കൂടിയാണ് ക്രൊയേഷ്യ

2026 ഫിഫ ലോകകപ്പിൽ വിജയത്തോടെ തുടങ്ങി ഇംഗ്ലണ്ട്. ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ട്, ക്രോയേഷ്യയെ മുട്ടുകുത്തിക്കുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ജൂഡ് ബെല്ലിങ്ഹാം, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരും ക്രൊയേഷ്യയുടെ വല തുളച്ചു.

മത്സത്തിന്റെ 12-ാം മിനിറ്റിലായിരുന്നു സ്കോർ ബോർഡിൽ ഒരു ചലനമുണ്ടാക്കികൊണ്ട് ഇംഗ്ലണ്ട് ഗോൾ നേടുന്നത്. നോനി മഡുകെയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കുത്യമായി ഹാരി കെയ്ന്‍ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 36-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബട്ടൂറിനയിലൂടെ ക്രോയേഷ്യ തിരിച്ചടിച്ചു. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുമ്പായി 42-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കോര്‍ണറില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നല്‍കി. എങ്കിലും ഇഞ്ചുറി ടൈമില്‍ പെറ്റാര്‍ മൂസയിലൂടെ ക്രോയേഷ്യ വീണ്ടും സമനില നേടി.

ആവേശഭരിതമായ രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം തന്റെ വ്യക്തിഗത മികവിലൂടെ നേടിയ ഗോളിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് മുന്നേറ്റങ്ങളുടെ മൂർച്ച കുറച്ച് ഇംഗ്ലണ്ട് തങ്ങളുടെ പ്രതിരോധം ശക്തമാക്കുകയായിരുന്നു. ആന്റണി ഗോര്‍ഡന് പകരക്കാരനായി eththiya മാര്‍ക്കസ് റാഷ്ഫോര്‍ഡ് 85-ാം മിനിറ്റില്‍ ബുകായോ സാക്കയുടെ അസിസ്റ്റില്‍ നിന്നും മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡ് പൂർത്തിയാക്കി.

2018ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലില്‍ തകർത്ത ടീം കൂടിയാണ് ക്രൊയേഷ്യ. അതുകൊണ്ട് തന്നെ ഒരു പ്രതികാരത്തിന്റെ കഥ കൂടിയായിരുന്നു ഇംഗ്ലണ്ട് - ക്രൊയേഷ്യ മത്സരത്തിൽ കണ്ടതും. അതേ കടുത്ത പ്രതികാരബുദ്ധിയോടെ തന്നെയാണ് ഇംഗ്ലണ്ട് കളത്തിൽ ഇറങ്ങിയതും.

Content highlight: England won against Croatia in FIFA World Cup 2026

To advertise here,contact us