28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പില്‍; സ്വപ്‌നതുടക്കം നല്‍കി ഹാളണ്ട്

ഇറാഖിനെതിരെ നോര്‍വേക്ക് ജയം, രണ്ടുഗോള്‍ നേടി എര്‍ലിങ് ഹാളണ്ട്

നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നോര്‍വേ ലോകകപ്പ് കളിക്കാനെത്തിയത്. ഇറാഖിനെതിരായ മത്സരം നോര്‍വേ കളറാക്കി. ഒന്നിനെതിരെ നാലുഗോളിന്റെ തകര്‍പ്പന്‍ ജയം. നോര്‍വേക്ക് സ്വപ്‌നസമാനമായ തുടക്കം നല്‍കിയത് ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ടഗോളാണ്. 29, 43 മിനിറ്റുകളിലാണ് ഹാളണ്ടിന്റെ ഗോളുകള്‍. ലിയോ ഒസ്റ്റഗാഡും (76) ഗോളടിച്ചു. അയ്മന്‍ ഹുസൈന്റെ സെല്‍ഫ് ഗോളും (90+6) നോര്‍വേയുടെ സ്‌കോറുയര്‍ത്തി. ഇറാഖിന് വേണ്ടി അയ്മന്‍ ഹുസൈന്‍ (39) ആശ്വാസഗോളും നേടിയിരുന്നു.

1998-ലാണ് നോര്‍വേ ഇതിനു മുന്‍പ് അവസാനമായി ലോകകപ്പില്‍ കളിച്ചത്. അന്ന് പ്രീക്വാര്‍ട്ടര്‍ കളിച്ചെങ്കിലും പിന്നീടൊരു ലോകകപ്പില്‍ ഇറങ്ങാന്‍ അവര്‍ക്ക് 28 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഇപ്പോള്‍ എര്‍ലിങ് ഹാളണ്ടിന്റെ മികവിലാണ് ടീം ലോകകപ്പിനെത്തിയത്. ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഹാളണ്ട് തകര്‍പ്പന്‍ ജയവും നോര്‍വേയ്ക്ക് സമ്മാനിച്ചു. 4-3-3 എന്ന ഫോര്‍മേഷനിലാണ് നോര്‍വേ കളിച്ചത്. ഇറാഖ് 4-4-2 എന്ന ഫോര്‍മേഷനിലാണ് കളിക്കാനിറങ്ങിയത്.

ഇറാഖിനായി അയ്‌മെന്‍ ഹുസെയ്‌നും അമിര്‍ അല്‍ അമ്മറിയും ആക്രമണം നയിച്ചപ്പോള്‍, എര്‍ലിങ് ഹാളണ്ടും അലക്‌സാണ്ടര്‍ സോര്‍ലോത്തുമായിരുന്നു നോര്‍വേയുടെ കുന്തമുനകള്‍. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഇറാഖാണ് കൂടുതല്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ മത്സരത്തെ തിരിച്ചുപിടിക്കുകയായിരുന്നു നോര്‍വേ.

content highlights: In the World Cup After a 28-Year Wait; Haaland Delivers a Dream Start

To advertise here,contact us