അടിച്ചും തിരിച്ചടിച്ചും ഇറാനും ന്യൂസീലന്‍ഡും; ആവേശപ്പോരാട്ടം സമനിലയില്‍ കലാശിച്ചു

ഇരുടീമുകളും നേടിയത് രണ്ടുഗോള്‍ വീതം; ഗ്യാലറിയില്‍ ഇറാന്‍ ആരാധകരെ കൂകി വിളിച്ച് ഒരുവിഭാഗം

ഗ്രൗണ്ടില്‍ തീപാറും പോരാട്ടം, ഗ്യാലറിയില്‍ പരിഹാസവും കൂകി വിളിയും… ഇറാന്‍-ന്യൂസീലന്‍ഡ് മത്സരത്തില്‍ പ്രതീക്ഷിച്ചതെല്ലാം സംഭവിച്ചു. ആദ്യം ഗോളടിച്ച് ന്യൂസീലന്‍ഡ് നല്‍കിയ ഷോക്കിന് ഇറാന്‍ മറുപടി നല്‍കി. പിന്നാലെ വീണ്ടും ന്യൂസീലന്‍ഡ് ഗോള്‍. അതിനും മറുപടി പറഞ്ഞു ഇറാന്‍. ഒചുവില്‍ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യില്‍ ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഇറാനും ന്യൂസീലന്‍ഡും രണ്ട് ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ ഇറാന്‍ കളംനിറഞ്ഞു കളിച്ചു. കിക്കോഫിന് പിന്നാലെ തുടരെത്തുടരെയുള്ള ആക്രമണങ്ങളുമായി അവര്‍ ന്യൂസീലന്‍ഡ് ബോക്സിലേക്ക് ഇരച്ചുകയറി. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി, ഏഴാം മിനിറ്റില്‍ ന്യൂസീലന്‍ഡ് ഗോള്‍ നേടി. ഗോള്‍ക്കീപ്പര്‍ മാക്സ് ക്രോകോംബ് നല്‍കിയ ലോങ് പാസ് സ്വീകരിച്ച്, സൂപ്പര്‍ താരം ക്രിസ് വുഡ് നല്‍കിയ മനോഹരമായ അസിസ്റ്റില്‍നിന്ന് എലിജാ ജസ്റ്റ് പന്ത് ഇറാന്റെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഇറാന്‍ ശ്രദ്ധയോടെ ന്യൂസീലന്‍ഡ് ഗോള്‍മുഖം ലക്ഷ്യമാക്കി ആക്രമിച്ചു. 32-ാം മിനിറ്റില്‍ ഫലം കണ്ടു.ബോക്സിനുള്ളില്‍ ലഭിച്ച ഒരു ലൂസ് ബോള്‍ കൃത്യമായി വിനിയോഗിച്ച് റാമിന്‍ റെസയാന്‍ സമനില കണ്ടെത്തി.

ഇന്ത്യന്‍ വംശജനായ ന്യൂസീലന്‍ഡ് താരം സര്‍പ്രീത് സിങ് മത്സരത്തില്‍ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 54-ാം മിനിറ്റില്‍ ക്രിസ് വുഡ്-എലിജ ജസ്റ്റ് സഖ്യം വീണ്ടും തിളങ്ങി. ജസ്റ്റ് തന്റെ രണ്ടാം ഗോളിലൂടെ ന്യൂസീലന്‍ഡിന് 2-1 ന്റെ ലീഡ് സമ്മാനിച്ചു. പതറാതെ പോരാടിയ ഇറാന്‍ 64-ാം മിനിറ്റില്‍ മുഹമ്മദ് മൊഹെബ്ബിയുടെ ഹെഡ്ഡറിലൂടെ വീണ്ടും സമനില (2-2) നേടി.

content highlights: Iran and New Zealand strike back and forth; Thrilling encounter ends in a draw

To advertise here,contact us