ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടത്തിലെ മെസ്സി മുത്തം ഒരിക്കലും മറക്കാനാകാത്തവരാണ് ഫുട്ബോള്‍ പ്രേമികള്‍. 2006ല്‍ തുടങ്ങിയ ലോകകപ്പ് കരിയറില്‍ പിന്നീട് 2010, 2014, 2018, 2022 ലോകകപ്പുകളില്‍ അദ്ദേഹം കളിച്ചു. 2014ല്‍ ഫൈനലില്‍ തോറ്റ അര്‍ജന്റീന 2022ലാണ് കിരീടം ചൂടിയത്. ലയണല്‍ മെസ്സിയുടെ പ്രകടനമികവിലായിരുന്നു അര്‍ജന്റീനയുടെ നേട്ടം. ഈ ലോകകപ്പിലും താരം കളിക്കുമെന്നുറപ്പാണ്. അദ്ദേഹം അതിനുള്ള തയ്യാറെടുപ്പിലാണെന്ന് അര്‍ജന്റീനയിലെ അദ്ദേഹത്തിന്റെ സഹതാരം സാക്ഷ്യപ്പെടുത്തുന്നു. കഠിനമായ പരിശീലന രീതികളാണ് അദ്ദേഹം പിന്തുടരുന്നത്. റോഡ്രിഗോ ഡിപോളാണ് മെസ്സിയുടെ പരിശീലന രീതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. രണ്ടു സെഷനുകളാണ് മെസ്സിക്ക് പരിശീലനത്തിനുള്ളത്. മികച്ച ശാരീരിക ക്ഷമത നിലനിര്‍ത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. മെസ്സിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സ്ഥിരത നിലനിര്‍ത്താനും അദ്ദേഹത്തിന് ഈ പരിശീലന രീതി സഹായകരമാകുന്നു. ക്ലബ്ബിന്റെ പരിശീലനത്തിനപ്പുറം താരം നടത്തുന്ന ഈ പ്രാക്ടീസിനെക്കുറിച്ചാണ് ഡിപോള്‍ വെളിപ്പെടുത്തിയത്.
അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലും മെസ്സിയുടെ മികച്ച പ്രകടനമാണ് നടക്കുന്നത്. കഴിഞ്ഞദിവസം മേജര്‍ ലീഗ് സോക്കറില്‍ പോര്ട്ലാന്ഡിനെതിരായ മത്സരത്തില്‍ മെസ്സി ഗോളടിച്ചിരുന്നു. അതിന് മുമ്പുള്ള മത്സരത്തില്‍ രണ്ടുഗോളടിച്ച് മെസ്സി തന്റെ ഫോം തെളിയിക്കുകയും ചെയ്തിരുന്നു.
ഇത്തവണയും ലോകകപ്പില്‍ കിരീട സാധ്യത ഏറെയുള്ള ടീമാണ് അര്‍ജന്റീന. മികച്ച സംഘത്തെ അണിനിരത്തിയാണ് അര്‍ജന്റീനാ സംഘം അമേരിക്കയിലേക്ക് വിമാനം കയറുന്നത്.
content highlights: Messi insists on strict training; Star continues with double-shift sessions