കിരീടം തിരിച്ചുപിടിക്കാൻ ഫ്രാൻസ്;ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു ; എംബാപ്പെ നയിക്കും

പരിക്കിന്റെ വെല്ലുവിളികളുണ്ടെങ്കിലും റയൽ മാഡ്രിഡ് താരം എംബാപ്പെ തന്നെയാകും ടീമിനെ നയിക്കുക.

അടുത്ത മാസം ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ ഫ്രഞ്ച് ടീമിനെ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചു. കിലിയൻ എംബാപ്പെയും നിലവിലെ ബാലൺ ഡി ഓർ ജേതാവായ ഒസ്മാൻ ഡെംബെലെയും നയിക്കുന്ന കരുത്തുറ്റ മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ പ്രധാന ആകർഷണം.

പരിക്കിന്റെ വെല്ലുവിളികളുണ്ടെങ്കിലും റയൽ മാഡ്രിഡ് താരം എംബാപ്പെ തന്നെയാകും ടീമിനെ നയിക്കുക. ഫ്രാൻസിനായി 56 ഗോളുകൾ നേടിയിട്ടുള്ള എംബാപ്പെക്ക് മുന്നിൽ ഇനി ഒലിവിയർ ജിറൂഡ് (57) മാത്രമാണുള്ളത്.

കഴിഞ്ഞ സീസണിൽ പി.എസ്.ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും 35 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്ത ഡെംബെലെ, ഈ നൂറ്റാണ്ടിൽ ബാലൺ ഡി ഓർ നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമെന്ന ബഹുമതിയോടെയാണ് ടീമിലെത്തുന്നത്.

ബയേൺ മ്യൂണിക്ക് താരം മൈക്കൽ ഒലീസ്, ഡിസയർ ദൂയി എന്നിവരും ടീമിലുണ്ട്. റയൻ ചെർക്കി, വില്യം സാലിബ എന്നിവരുൾപ്പെടെ ഏഴ് പ്രീമിയർ ലീഗ് താരങ്ങൾ ടീമിലിടം പിടിച്ചു. 2018-ൽ ലോകകപ്പ് നേടിയ ടീമിൽ നിന്ന് ലൂക്കാസ് ഹെർണാണ്ടസ്, എൻഗോളോ കാന്റെ എന്നിവർ മാത്രമാണ് എംബാപ്പയെയും ഡെംബെലെയെയും കൂടാതെ നിലവിൽ ടീമിലുള്ളത്.

ചില വമ്പൻ താരങ്ങളുടെ അഭാവം ഇത്തവണത്തെ ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയമാണ്. റയൽ മാഡ്രിഡ് താരം എഡ്വേർഡോ കാമവിംഗ, ടോട്ടൻഹാമിന്റെ റാൻഡൽ കോളോ മുവാനി എന്നിവരെ ദെഷാംപ്‌സ് ടീമിലുൾപ്പെടുത്തിയില്ല. പരിക്ക് മൂലം ലിവർപൂളിന്റെ ഹ്യൂഗോ എക്കിറ്റികെയും പുറത്തായി.

ഫ്രഞ്ച് ടീം:

ഗോൾകീപ്പർമാർ: മൈക്ക് മഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ.

പ്രതിരോധം: ലൂക്കാസ് ഡീഗ്നെ, മാലോ ഗുസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊണാട്ടെ, മാക്സെൻസ് ലാക്രോയിക്സ്, ജൂൾസ് കുണ്ടെ, വില്യം സാലിബ, ദയോട്ട് ഉപമെക്കാനോ.

മധ്യനിര: എൻഗോളോ കാന്റെ, മനു കോനെ, അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, വാരൻ സെയർ എമറി.

മുന്നേറ്റനിര: മഗ്നസ് അക്ലിയോച്ചെ, ബ്രാഡ്ലി ബാർക്കോള, റയൻ ചെർക്കി, ഒസ്മാൻ ഡെംബെലെ, ഡിസയർ ദൂയി, മൈക്കൽ ഒലീസ്, കിലിയൻ എംബാപ്പെ, ജീൻ ഫിലിപ്പ് മാറ്റേറ്റ, മാർക്കസ് തുറാം.

content highlights:france-squad-announced-for-fifa-world-cup-2026-kylian-mbappe-to-captain

To advertise here,contact us