അല്‍ ഹിലാലിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. റിയാദിലെ അല്‍ അവ്വല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പക്ഷെ, ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും സങ്കടദിനമായി. മത്സരം ജയിച്ചിരുന്നെങ്കില്‍ കിരീടം ഉറപ്പാക്കാമായിരുന്നു അല്‍ നസ്റിന്. പക്ഷെ, കിരീടം കൈവിട്ടതിന്റെ വേദനയാണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും. ആദ്യ സൗദി പ്രോ ലീഗ് കിരീടത്തിനായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനിയും കാത്തിരിക്കണം.
ആവേശപ്പോരാട്ടത്തിന്റെ 37-ാം മിനുട്ടില്‍ മുഹമ്മദ് സിമാകാനിലൂടെയായിരുന്നു അല്‍ നസ്ര് ലീഡെടുത്തത്. അവസാന മിനുട്ടുകള്വരെ അല്‍ നസ്ര് വിജയപ്രതീക്ഷയിലായിരുന്നു.
ജയിക്കുമെന്നും കിരീടം നേടുമെന്നും ഉറപ്പാക്കിയ നേരത്താണ് അല്‍ ഹിലാല്‍ ഗോളടിച്ചത്. 90+8-ാം മിനിറ്റില്‍ അല്‍ നസ്ര് ഗോള്‍കീപ്പര്‍ ബെന്റോയുടെ പിഴവാണ് അല്‍ ഹിലാലിന് സമനില ഗോള്‍ സമ്മാനിച്ചത്. ഒരു ലോങ് ത്രോ തടയുന്നതില്‍ ഗോള്‍കീപ്പര്‍ ബെന്റോക്കുണ്ടായ പിഴവിന് അല്‍ നസ്ര് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു. ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. പട്ടികയില്‍ ഒന്നാമതുള്ള അല്‍ നസ്റിന് 33 മത്സരങ്ങളില്‍നിന്ന് 83 പോയന്റാണുള്ളത്. ഒരു മത്സരം ബാക്കിയുണ്ട്. ജയിച്ചാല്‍ ചാമ്പ്യന്മാരാകും. രണ്ടാമതുള്ള ഹിലാലിന് 32 മത്സരങ്ങളില്‍നിന്ന് 78 പോയന്റാണുള്ളത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിക്കുകയും നസ്ര് അവസാന മത്സരം തോല്‍ക്കുകയും ചെയ്താല്‍ ഹിലാലിന് കിരീടം ഉറപ്പാക്കാം. ഈമാസം 21-ന് ദാമാക് എഫ്.സിക്കെതിരെയാണ് അല്‍ നസ്റിന്റെ ലീഗിലെ അവസാന മത്സരം. ശനിയാഴ്ച നിയോം എസ്.സിക്കെതിരെയാണ് ഹിലാലിന്റെ അടുത്ത മത്സരം.
മത്സരശേഷം ക്രിസ്റ്റ്യാനോ പറഞ്ഞ വാക്കുകളാണ് ടീം ആരാധകരെ ആശ്വസിപ്പിക്കുന്നത്. 'സ്വപ്നം അരികിലുണ്ട്. ആത്മവിശ്വാസത്തോടെയിരിക്കൂ, നമുക്ക് ഒരു ചുവട് കൂടി മുന്നോട്ട് വെക്കാനുണ്ട്! ഈ രാത്രിയിലെ മികച്ച പിന്തുണക്ക് എല്ലാവര്ക്കും നന്ദി!' -മത്സരശേഷം ക്രിസ്റ്റ്യാനോ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത് ഇതായിരുന്നു.
content highlights: The dream is close, wait with confidence' -Cristiano in hopes of the title; what are the possibilities now?