ഹാട്രിക് ജയം ലക്ഷ്യമിട്ട് ആഷ്‌ലി വുഡും സംഘവും; കലൂരിൽ മഞ്ഞപ്പടയെ പ്രതീക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സാകട്ടെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തുകയാണ്

ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത ടീമാണ് മുന്നില്‍. ഫുട്‌ബോളിലെ പഴയ പ്രതാപികള്‍. പക്ഷെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണില്‍ വളരെ ദുര്‍ബലര്‍. എല്ലാവര്‍ക്കും ഒരു പോയിന്റെങ്കിലും 'സമ്മാനിക്കാന്‍ ശേഷിയുള്ളത്ര ദുര്‍ബലര്‍'. കേരള ബ്ലാസ്‌റ്റേഴ്‌സാകട്ടെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തുകയാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടുമത്സരം ജയിച്ചാണ് വരവ്.

അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ മൂന്നും ജയിക്കാനായി. ഒരുസമനില, ഒരു തോല്‍വിയും. ഇനി ശേഷിക്കുന്നത് ആകെ രണ്ടേ രണ്ടു മത്സരങ്ങള്‍. എതിരാളികളില്‍ ഒന്ന് ദുര്‍ബലരെങ്കില്‍ മറ്റൊന്ന് ശക്തരാണ്. എഫ്‌സി ഗോവ.

അവസാന രണ്ടുമത്സരങ്ങളില്‍ ജംഷേദ്പുര്‍ എഫ്‌സിയെയും ഒഡിഷ എഫ്‌സിയെയുമാണ് തോല്‍പ്പിച്ചത്. ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ക്കുപിന്നാലെ സീസണില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. ഇതോടെ വലിയ പ്രതിസന്ധിയിലായ ടീമിനെ കരകയറ്റാന്‍ ആഷ്‌ലി വുഡെന്ന ഇംഗ്ലീഷ് പരിശീലകനെ എത്തിച്ചു.

ഇതോടെ കളിയിലും മാറ്റം പ്രകടമായി.

ആഷ്‌ലി വുഡ് വന്നതിന് ശേഷം ടീമിന്റെ കളിശൈലിയില്‍ ചെറിയ മാറ്റങ്ങളും കൊണ്ടുവന്നു. സ്‌പോര്‍ട്ടിങ് ഡല്‍ഹിയോട് തോറ്റെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരാ കളി ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ചു. ജംഷേദ്പുര്‍ എഫ്‌സിയെ കൊച്ചിയില്‍ കീഴടക്കി.

ഒടുവില്‍ ഒഡിഷ എഫ്‌സിക്കെതിരെയും ആഷ്‌ലി വുഡിന്റെ സംഘം ജയിച്ചുകയറി.

വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, വിപിന്‍ മോഹനന്‍ എന്നിവരെല്ലാം പ്രതീക്ഷയേറ്റുന്നു. മുന്നേറ്റവും പ്രതിരോധവും ഒരുപോലെ കരുത്താക്കിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ മുന്നേറുന്നത്. ഫ്രാന്‍സിസ്‌കോ, കെവിന്‍ യോകെ, അയ്ഭന്‍ബ ഡോളിങ് തുടങ്ങിയവരിലും ടീമിന് വലിയ പ്രതീക്ഷയുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ത്തോല്‍വികളില്‍ മനംമടുത്ത കാണികള്‍ കൊച്ചിയിലെ ഗാലറി ഉപേക്ഷിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിനെ മഞ്ഞപ്പട ചോദ്യം ചെയ്തു.

പുതിയ കോച്ച് എത്തിയതോടെ കാര്യങ്ങള്‍ അനുകൂലമായത് ബ്ലാസ്‌റ്റേഴ്‌സിന് ഗുണമായി. മുഹമ്മദനെതിരെ മഞ്ഞപ്പട ആരാധകര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

content highlights: Kerala Blasters Aim for Third Consecutive Win in Kochi

To advertise here,contact us