റയലിനുള്ളില്‍ തമ്മിലടി, വാല്‍വര്‍ഡെ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്; എന്താണ് റയലില്‍ സംഭവിക്കുന്നത്

ഫെഡറിക്കോ വാല്‍വര്‍ഡെയും ചൗമേനിയും തമ്മിലുണ്ടായ അസ്വാരാസ്യങ്ങളാണ് തമ്മിലടിയില്‍ കലാശിച്ചത്

സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡ് ടീമിന് സീസണ്‍ അത്ര സുഖകരമല്ല. സ്പാനിഷ് ലാലിഗ കിരീടം ഏറെക്കുറെ കൈവിട്ട ടീമിനുള്ളില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് കൈയാങ്കളിയുടെ വാര്‍ത്തകളാണ്. സീസണില്‍ ഒരു കിരീടവുമില്ലാത്ത സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോഴാണ് താരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ കൈയാങ്കളിയിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫെഡറിക്കോ വാല്‍വര്‍ഡെയും ചൗമേനിയും തമ്മിലുള്ള വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയെന്നും ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതായും വാല്‍വര്‍ഡയെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ റയല്‍ മഡ്രിഡ് ടീം ഇരു താരങ്ങള്‍ക്കെതിരേയും കടുത്ത നടപടികള്‍ എടുക്കാനുള്ള സാധ്യതകയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നടന്ന പരിശീലനത്തിനിടെയാണ് വാല്‍വര്‍ഡെയും ചൗമേനിയും തമ്മില്‍ ഏറ്റുമുട്ടിയത്. ബുധനാഴ്ച മുതല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നാണ് സൂചന. പിന്നാലെയാണ് വ്യാഴാഴ്ച, ഏറ്റുമുട്ടലില്‍ എത്തിയത്. സംഭവത്തില്‍ വാല്‍വര്‍ഡേയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വാല്‍വര്‍ഡെയ്ക്ക് തലയ്ക്ക് പരിക്കേറ്റെന്നും താരം രണ്ടാഴ്ച കളിക്കാനുണ്ടാകില്ലെന്നും റയല്‍ മഡ്രിഡ് ടീം വൃത്തങ്ങള്‍ അറിയിച്ചു.

പ്രശ്നങ്ങള്‍ കൈവിട്ടതോടെ ടീം അടിയന്തര യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം അന്റോണിയോ റൂഡിഗറും ആല്‍വരോ കരേരസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഫെഡറിക്കോ വാല്‍വര്‍ഡെയും ചൗമേനിയും ഏറ്റുമുട്ടിയത്. കാര്യങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് ക്ലബ് താരങ്ങളേയും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളേയും അടിയന്തരമായി വിളിച്ചുകൂട്ടിയത്. ടീമിന്റെ ഐക്യം നിലനിര്‍ത്തണമെന്ന് യോഗം തീരുമാനമെടുത്തിട്ടുണ്ട്.

അതിനിടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡ് ടീമില്‍ നിന്നു പുറത്തു പോകണമെന്നു ആവശ്യപ്പെട്ട് റയലിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തു വന്നതും ടീമിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

content highlights: Infighting Breaks Out at Real Madrid; Valverde Reportedly Hospitalized—What is Happening at Real

To advertise here,contact us