ലോകകപ്പിനൊരുങ്ങുന്ന സ്പെയിനിനെ ആശങ്കയിലാഴ്ത്തിയ ലാമിന് യമാല്‍ പരിക്കില്‍നിന്ന് സുഖംപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ബാഴ്സലോണയുടെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശീലനം നടത്തുന്നത്. എന്നാല്‍, ബാഴ്സലോണയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ യമാല്‍ കളിച്ചേക്കില്ല. പരിക്കില്‍നിന്ന് പൂര്ണമുക്തനാകാത്തതാണ് താരം ബാഴ്സലോണ ടീമിലേക്ക് തിരിച്ചെത്താത്തതിന് കാരണം. എല്‍ ക്ലാസിക്കോ ഉള്‍പ്പടെ താരത്തിന് നഷ്ടപ്പെടും.
അതേസമയം, ലാമിന് യമാല്‍ സ്പെയിന് ടീമിലേക്ക് എത്തുമെന്ന് സ്പാനിഷ് ഹെഡ് കോച്ച് ലൂയിസ് ലാ ഫ്യൂണ്ടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹം പ്രധാനപ്പെട്ട കളിക്കാരനാണ്. മത്സരങ്ങളില്‍ സ്വാധീനം ചെലുത്താനാകുന്ന താരം കൂടിയാണ് യമാല്‍. ഫുട്ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടമോ 32-ാം റൗണ്ടോ, പ്രീ ക്വാര്‍ട്ടറോ ക്വാര്‍ട്ടര്‍ ഫൈനലോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം. ലക്ഷ്യമെന്നത് ജൂലായ് 19നുള്ള ലോകകപ്പ് ഫൈനലിലെത്തുകയെന്നതാണെന്നും സ്പാനിഷ് കോച്ച് പറഞ്ഞു.പരിക്ക് താരങ്ങള്‍ അതിജീവിക്കുമെന്നും സ്പാനിഷ് പരിശീലകന് പറഞ്ഞു. 2024 യൂറോ കപ്പിലേക്ക് ഡാനി ഒല്‍മോ എത്തുമ്പോള്‍ പരിക്ക് ആയിരുന്നെന്നും അദ്ദേഹം ടീമില്‍ കളിക്കുമോ എന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നും ലൂയിസ് ലാ ഫ്യൂണ്ടെ പറഞ്ഞു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച താരമായത് അദ്ദേഹമാണെന്നും ലൂയിസ് ലാ ഫ്യൂണ്ടെ കൂട്ടിച്ചേര്‍ത്തു.
വരും നാളുകളില്‍ യമാല്‍ കൂടുതല്‍ പരിശീലനത്തിനിറങ്ങുമെന്നാണ് ബാഴ്സലോണ മെഡിക്കല്‍ വിഭാഗം അറിയിച്ചത്. ഇത്തവണ കിരീട പ്രതീക്ഷയുള്ള സ്പെയിന് വലിയ സന്നാഹമാണ് ലോകകപ്പിന് ഒരുക്കുന്നത്. മികച്ച താരങ്ങളെയെല്ലാം ലോകകപ്പിന് അണിനിരത്തിയേക്കും.
content highlights: relief for Spain; he returns after recovering from injury