എമിറേറ്റ്‌സില്‍ ആര് ജയിക്കും? ആഴ്‌സനലിനെ അടിച്ചിടുമോ അത്‌ലറ്റിക്കോ മഡ്രിഡ്; ആവേശപ്പോര് ഇന്ന്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനല്‍-അത്‌ലറ്റിക്കോ മഡ്രിഡ് മത്സരം ഇന്ന് രാത്രി 12.30ന് എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍

എമിറേറ്റ്‌സ് സ്റ്റേിഡിയത്തില്‍ ഇന്നത്തെ ജേതാക്കള്‍ക്ക് ഫൈനല്‍ എന്‍ട്രി! ആ ഒരവസരം മാത്രമാണ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആഴ്‌സനലിനും അത്‌ലറ്റിക്കോ മഡ്രിഡിനുമുള്ളത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ രണ്ടാംപാദ സെമിഫൈനലില്‍ ആവേശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇരു ടീമുകളും തുല്യനിലയിലാണ്. ഓരോ ഗോള്‍വീതം നേടിയതാണ് അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ ഇരുവരും കളംവിട്ടത്.

ജയിച്ചില്ലെങ്കിലും വമ്പന്മാര്‍ക്കെതിരായ മത്സരം എമിറേറ്റ്‌സിലേക്ക് നീട്ടിവെക്കാനായി എന്നത് അത്‌ലറ്റിക്കോയ്ക്ക് അല്‍പമെങ്കിലും ആശ്വാസമായി. സ്വന്തം മൈതാനത്തുവെച്ച് എതിരാളികളെ മലര്‍ത്തിയടിക്കാമെന്നതാണ് ആഴ്‌സനലിന്റെ പ്രതീക്ഷ. പക്ഷെ സ്പാനിഷ് ലാലിഗ വമ്പന്മാരും പ്രീമിയര്‍ ലീഗിലെ കരുത്തരും മുഖാമുഖം വരുന്നത് ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ആഴ്‌സനല്‍, പ്രാഥമിക റൗണ്ടുമുതല്‍ മികച്ച പ്രകടനമാണ് ചാമ്പ്യന്‍സ് ലീഗിലും കാഴ്ചവയ്ക്കുന്നത്. ഗ്രൂപ്പ് റൗണ്ടിലെ എട്ട് മത്സരങ്ങളില്‍ എട്ടും ജയിച്ച് 24 പോയിന്റുമായി ഒന്നാമതെത്തിയ ആഴ്‌സനല്‍ പ്രീ ക്വാര്‍ട്ടറില്‍ ബയേര്‍ലെവര്‍കൂസനെയും ക്വാര്‍ട്ടറില്‍ സ്‌പോര്‍ടിങ് ലിസ്ബണിനെയുമാണ് മറികടന്നത്. ഡെക്‌ളാന്‍ റൈസ്, ഗബ്രിയേല്‍ മാര്‍ട്ടിനെസ്, ഗബ്രിയേല്‍ ജീസസ്, വിക്ടര്‍ ഗ്യോക്കേഴ്‌സ്, വില്യം സാലിബ, കെയ് ഹാവെര്‍ട്‌സ്, ഗോളി ഡേവിഡ് റായ തുടങ്ങിയവരാണ് ആഴ്‌സനലിന്റെ കരുത്ത്. ആഴ്‌സനല്‍ കോച്ച് മൈക്കേല്‍ ആര്‍ട്ടേറ്റയും സംഘവും തികഞ്ഞ പ്രതീക്ഷയിലാണ് അത്ലറ്റിക്കോയെ നേരിടാനിറങ്ങുന്നത്.

സ്പാനിഷ് ലാ ലിഗയില്‍ നാലാം സ്ഥാനക്കാരാണ് അത്‌ലറ്റിക്കോ മഡ്രിഡ്. അന്റോയ്ന്‍ ഗ്രീസ്മാന്‍, അലക്‌സാണ്ടര്‍ സൊലോത്ത്, ജൂലിയന്‍ അല്‍വാരേസ്, അഡിമൂല ലുക്മാന്‍, ഗ്വിലിയാനോ സിമയോണി, കോകെ, ലോറന്റേ തുടങ്ങിയവരാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി കളിക്കുക. അര്‍ജന്റീനക്കാരന്‍ യുവാന്‍ മുസോയാണ് ഗോളി. ഡീഗോ സിമയോണിയാണ് പരിശീലകന്‍.

content highlights: Who will win at the Emirates? Can Arsenal beat Atletico Madrid; it's an exciting clash today

To advertise here,contact us