ലോകകപ്പ് ഫൈനൽ കാണണോ?; കീശ കീറും!; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി ഫിഫ

ഫിഫ ലോകകപ്പ് 2026 ന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി ഫിഫ.

ഫിഫ ലോകകപ്പ് 2026 ന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി ഫിഫ. ടൂർണമെന്റിലെ 48 ടീമുകളെയും ഔദ്യോഗികമായി തിരഞ്ഞെടുത്തതിന് പിന്നാലെ ബുധനാഴ്ച പുനരാരംഭിച്ച ടിക്കറ്റ് വിൽപനയിലാണ് ഞെട്ടിക്കുന്ന വില വർധനവ് പ്രകടമായത്.

ജൂലൈ 19ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനാണ് ഏറ്റവും ഉയർന്ന നിരക്ക്.

ഡിസംബറിൽ 8,680 ഡോളർ ആയിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 10,990 ഡോളർ (ഏകദേശം 10.19 ലക്ഷം രൂപ) ആയി ഉയർന്നു. കാറ്റഗറി 2ൽ 5,575 ഡോളറിൽ നിന്ന് 7,380 ഡോളറായി വർധിച്ചു. കാറ്റഗറി 3ൽ 4,185 ഡോളറിൽ നിന്ന് 5,785 ഡോളറായി ആയി ഉയർന്നു.

ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില വർധിപ്പിക്കുന്ന 'ഡൈനാമിക് പ്രൈസിങ്' രീതിയാണ് ഇത്തവണ ഫിഫ പിന്തുടരുന്നത്. അമേരിക്കയിലെ 11 നഗരങ്ങളിലും മെക്സിക്കോയിലെ മൂന്ന് നഗരങ്ങളിലും കാനഡയിലെ രണ്ട് നഗരങ്ങളിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിന് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് 2,735 ഡോളറാണ്.

മെക്സിക്കോ - സൗദി അറേബ്യ ഉദ്ഘാടന മത്സരത്തിന്റെ നിരക്ക് 2,355 ഡോളറിൽ നിന്ന് 2,985 ഡോളർ ആയി ഉയർന്നു.

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന ഫിഫയുടെ നടപടിക്കെതിരെ 69 ഡെമോക്രാറ്റിക് കോൺഗ്രസ് അംഗങ്ങൾ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്ക് കത്തയച്ചിട്ടുണ്ട്. ഫുട്ബോളിനെ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ഫിഫയുടെ ലക്ഷ്യത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും, സാധാരണക്കാരായ ആരാധകർക്ക് കളി കാണാൻ കഴിയാത്ത സാഹചര്യം ഇത് സൃഷ്ടിക്കുമെന്നും അവർ കുറ്റപ്പെടുത്തി.

ഇത്തവണ ലോട്ടറി രീതിക്ക് പകരം ഇഷ്ടമുള്ള സീറ്റുകൾ നേരിട്ട് തിരഞ്ഞെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. ആരാധകർക്ക് ഫിഫ വെബ്‌സൈറ്റിലെ 'സീറ്റ് മാപ്പ്' നോക്കി ഇഷ്ടമുള്ള സീറ്റുകൾ നേരിട്ട് തിരഞ്ഞെടുക്കാം. ടിക്കറ്റുകൾ 'ഫസ്റ്റ് കം, ഫസ്റ്റ് സെർവ്ഡ്' അടിസ്ഥാനത്തിലാണ് നൽകുന്നത്. പണം അടച്ചാലുടൻ കൺഫർമേഷൻ ലഭിക്കും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് ആവേശം അരങ്ങേറുന്നത്.

Content highlights:fifa-world-cup-2026-final-ticket-prices-hike-metlife-stadium

To advertise here,contact us