40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടി ഇറാഖ്. മെക്സിക്കോയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് വീഴ്ത്തിയാണ് 1986നുശേഷം ആദ്യമായി ഇറാഖ് ലോകകപ്പ് കളിക്കാനെത്തുന്നത്. 48ാം ടീമായാണ് ഇറാഖ് ലോകകപ്പിനെത്തുന്നത്. ഇതോടെ പങ്കെടുക്കുന്ന ടീമുകളുടെ ചിത്രം പൂർണമായി.
അലി അൽഹമാദി, അയ്മൻ ഹുസൈൻ എന്നിവരാണ് ഇറാഖിനായി വലകുലുക്കിയത്. മോയ്സസ് പനിയഗ്വയുടെ വകയായിരുന്നു സൗത് അമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ആശ്വാസ ഗോൾ.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്ലേ ഓഫ് മത്സരം മാറ്റിവെക്കണമെന്ന് ഇറാഖ് പരിശീലകൻ ഗ്രഹാം അർണോൾഡ് ആവശ്യപ്പെട്ടിരുന്നു. ഇറാഖിന്റെ വ്യോമപാതകൾ അടച്ചതോടെ താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരുന്നു.
അർണോൾഡ് ദുബൈയിലും താരങ്ങൾ ഇറാഖിലെ വിവിധ പ്രദേശങ്ങളിലുമായതോടെ തയാറെടുപ്പിന് ആവശ്യമായ സമയവും ലഭിച്ചിരുന്നില്ല. ഫിഫ ആവശ്യം തള്ളിയതോടെ കളിക്കാരും കോച്ചിങ് സ്റ്റാഫും ചാർട്ടർ വിമാനത്തിലാണ് ഒരാഴ്ച മുമ്പ് മെക്സിക്കോയിലെത്തുന്നത്.
1986 മെക്സിക്കോയിൽ നടന്ന ലോകകപ്പിലാണ് ഇറാഖ് അവസാനമായ കളിച്ചത്. അന്ന് മൂന്നു മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായി.
Content highlights:iraq qualifies for 2026 fifa world cup after 40 years