'ഞങ്ങളുടെ നേതാവിനെ അവർ വധിച്ചതിനാൽ കളിക്കാൻ കഴിയില്ല’; ഫിഫ ലോകകപ്പിൽ കളിക്കില്ലെന്ന് ഇറാൻ

ഇറാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങളെല്ലാം അമേരിക്കൻ നഗരങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്.

ഫിഫ ലോകകപ്പ് 2026 ൽ നിന്ന് പിന്മാറി ഇറാൻ. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ചതിനാൽ, അവിടെ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ടീമിന് കഴിയില്ലെന്ന് കായിക മന്ത്രി അഹ്മദ് ദുന്യാമലി ദുന്യാമലി വിശദീകരിച്ചു.

യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിൽ, ഇറാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചൽസ്, സിയാറ്റിൽ ഉൾപ്പെടെയുള്ള അമേരിക്കൻ നഗരങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്.

‘അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടം നമ്മുടെ നേതാവിനെ വധിച്ച സ്ഥിതിക്ക് ഒരു സാഹചര്യത്തിലും ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല‘ മന്ത്രി ബുധനാഴ്ച സർക്കാർ ടെലിവിഷനോട് വ്യക്തമാക്കി.

ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച ശേഷം, ടൂർണമെന്റിലെ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് അഭ്യൂഹങ്ങളും അനിശ്ചിതത്വങ്ങളും ഏറെയായിരുന്നു.

ഈ വിഷയത്തിൽ ഇറാൻ സർക്കാരിലെ ഔദ്യോഗിക പ്രതിനിധി നിലപാട് വ്യക്തമാക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞയാഴ്ച ഇറാൻ ഫുട്‌ബാൾ ഫെഡറേഷൻ അധ്യക്ഷൻ ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തിൽ സംശയം ഉന്നയിച്ചിരുന്നെങ്കിലും ബഹിഷ്‌കരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല.

ഫെബ്രുവരി 28ന് ആരംഭിച്ച യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ആദ്യ 12 ദിവസത്തിനുള്ളിൽ ഇറാനിൽ 1,255 പേർ കൊല്ലപ്പെടുകയും 12,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേലിനും മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട് ഇറാൻ തിരിച്ചടിക്കുന്നുണ്ട്.

Content Highlights: iran withdraws from fifa-world cup 2026

To advertise here,contact us