ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ മൗന പ്രതിഷേധവുമായി ഇറാന് വനിതാ ഫുട്ബോൾ ടീം. ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാതെയാണ് ഇറാൻ താരങ്ങൾ നിശബ്ദമായി പ്രതിഷേധിച്ചത്.
ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ഇറാന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ, താരങ്ങളോ പരിശീലക മർസിയ ജാഫരിയോ അത് പാടാൻ തയ്യാറായില്ല. തല ഉയർത്തിപ്പിടിച്ച് അനങ്ങാതെ നിന്ന താരങ്ങളുടെ മുഖത്ത് രാജ്യത്തെ നിലവിലെ സാഹചര്യത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തി.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് താരങ്ങളുടെ പ്രതിഷേധം. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഖമേനിയുടെ മരണത്തെക്കുറിച്ചും പ്രതിഷേധത്തെക്കുറിച്ചും ക്യാപ്റ്റൻ സെഹ്റ ഘൻബരിയോടും പരിശീലകയോടും ചോദ്യങ്ങൾ ഉയർന്നുവെങ്കിലും എഎഫ്സി പ്രതിനിധി ഇത് തടഞ്ഞു. രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കാതെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നിർദ്ദേശം.
മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയ ഇറാനെ തോല്പിച്ചിരുന്നു. ചോ യു റി, കിം ഹ്യെ റി, കോ യൂ ജിൻ എന്നിവരാണ് കൊറിയയ്ക്കായി ഗോളുകൾ നേടിയത്.
Content Highlights: iran women football team national anthem protest asian cup 2026