വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇലറ്റിന് മുടിവെട്ടാന്‍ ഇനിയും കാത്തിരിക്കണം

വെസ്റ്റ് ഹാമിന് വേണ്ടി ടോമസ് സൂസെക്കും യുണൈറ്റഡിനായി ബെഞ്ചമിന്‍ സെസ്‌കോയും ഗോളുകള്‍ നേടി

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനോട് സമനില വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. വെസ്റ്റ് ഹാമിന് വേണ്ടി ടോമസ് സൂസെക്കും യുണൈറ്റഡിനായി ബെഞ്ചമിന്‍ സെസ്‌കോയും ഗോളുകള്‍ നേടി.

രണ്ടാം പകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്. 50-ാം മിനിറ്റില്‍ സൂസെക്കിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം മുന്നിലെത്തിയത്. 60-ാം മിനിറ്റില്‍ യുണൈറ്റഡിന് വേണ്ടി ബ്രസീല്‍ താരം കാസമിറോ ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കപ്പെടുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ സെസ്‌കോ നേടിയ ഗോളാണ് യുണൈറ്റഡിന്റെ പരാജയം ഒഴിവാക്കിയത്.

നാല് തുടര്‍വിജയങ്ങള്‍ക്ക് ശേഷമുള്ള യുണൈറ്റഡിന്റെ സമനിലയാണിത്. ഇതോടെ യുണൈറ്റഡ് ആരാധകന്‍ ഫ്രാങ്ക് ഇലറ്റിന് തന്റെ മുടിമുറിക്കുകയെന്ന പ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിനൊപ്പം ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത് ഇലറ്റിന്റെ ചലഞ്ചിനെക്കുറിച്ചായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി അഞ്ച് മത്സരം വിജയിക്കാതെ തന്റെ മുടിവെട്ടില്ല എന്ന് ഇലറ്റ് ശപഥം എടുത്തിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ദി യുണൈറ്റഡ് സ്ട്രാന്‍ഡ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇലറ്റ് തന്റെ ശപഥം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. യുണൈറ്റഡ് വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങിയതോടെ ഇലറ്റിന് മുടിവെട്ടാന്‍ ഇനിയും കാത്തിരിക്കണം.

Content Highlights: Premier League: Benjamin Seskos cores 96th-minute equaliser for Man Utd in 96th minute at West Ham

To advertise here,contact us