ഉസ്ബെക്കിസ്താനിൽ നിന്നുള്ള മിഡ്ഫീൽഡർ മിർജെലോവ് കാസിമോവിനെ സൈൻ ചെയ്ത് ഗോകുലം കേരള എഫ്സി. ഇന്ത്യൻ ഫുട്ബോളിൽ പരിചിത മുഖമാണ് കാസിമോവ്. ഉസ്ബെക്കിസ്താനിലെ എഫ് സി കിസില്കിലാണ് ആദ്യമായി പന്ത് തട്ടി തുടങ്ങിയതെങ്കിലും കരിയറിന്റെ വലിയ കാലയളവ് കാസിമോവ് ചിലവഴിച്ചത് ഇന്ത്യയിലാണ്. ഐ ലീഗിൽ നേരൊക്ക എഫ്സിയിലും മുഹമ്മദൻസിന് വേണ്ടിയും പന്തുതട്ടിയ കാസിമോവ് ടീം ക്യാപ്റ്റനായിരിക്കെയാണ് മൊഹമ്മദൻസ് ഐ ലീഗ് ചാമ്പ്യൻസ് ആവുന്നത്. ശേഷം ഐഎസ്എല്ലിലും താരം ടീമിനൊപ്പം കളിച്ചു.
മിഡ്ഫീൽഡിൽ കളി മെനയുന്നതിലും, നിർണ്ണായക നിമിഷങ്ങളിൽ ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിലൂടെയും കളിയുടെ ഗതി മാറ്റാൻ കെൽപ്പുള്ളതാരം ഐ ലീഗിൽ ഗോകുലം കേരളയുടെ അറ്റാക്കിങ് ഫുട്ബോളിന് തീർത്തും യോജിച്ച ഒരു പ്ലയെർ തന്നെയാണ്. " ഗോകുലത്തിനൊപ്പം ഐ ലീഗ് കളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ടീമിന് അനിവാര്യമായ ചാംപ്യൻഷിപ് നേടുന്നതിൽ ഞാൻ എന്റെ മികച്ച പെർഫോമൻസ് തന്നെ നൽകും, ദൈവാനുഗ്രഹമുണ്ടെങ്കിൽ ഈ സീസണിൽ ആരാധകർക്ക് മുൻപിൽ നല്ല ഫുട്ബോൾ കാഴ്ചവെക്കാൻ ടീമിന് സാധിക്കും" എന്ന് കാസിമോവ് പറഞ്ഞു.
Content Highlights: Gokulam Kerala FC signs Uzbek midfielder Mirjalol Kasimov