സെമി ലക്ഷ്യമിട്ട് കേരളം; സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളം അസമിനെതിരെ

പരാജയം അറിയാതെയുള്ള കേരളത്തിന്റെ കുതിപ്പിന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലേറ്റ തോല്‍വി ചെറിയ ക്ഷീണം നല്‍കി

സന്തോഷ് ട്രോഫിയില്‍ സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് കളത്തില്‍. ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ എത്തിയ കേരളത്തിന് ആതിഥേയരായ അസമാണ് എതിരാളികള്‍. പരാജയം അറിയാതെയുള്ള കേരളത്തിന്റെ കുതിപ്പിന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലേറ്റ തോല്‍വി ചെറിയ ക്ഷീണം നല്‍കി. എന്നാല്‍, പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് അസം ക്വാര്‍ട്ടറിലെത്തിയത്. അസമിലെ സിലപതര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട മണിക്കാണ് കിക്കോഫ്.

സിലാപത്തിര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് രണ്ട് മുതലാണ് കളി. ഇന്ന് മറ്റു ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ മുന്‍ ജേതാക്കളായ സര്‍വിസസും പഞ്ചാബിനെ തമിഴ്നാടും രാജസ്ഥാനെ റെയില്‍വേസും നേരിടും.

പഞ്ചാബിനെ 3-1ന് തോല്‍പിച്ചായിരുന്നു കേരളത്തിന്റെ തുടക്കം. പിന്നെ റെയില്‍വേസിനോട് 1-1 സമനില വഴങ്ങിയ കേരളം തുടര്‍ന്ന് ഒഡിഷയോട് ഏകപക്ഷീയമായ ഒരു ഗോളിനും മേഘാലയക്കെതിരെ 3-0ത്തിനും ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ശേഷമാണ് സര്‍വിസസിനോട് 0-1ന് പരാജയം രുചിച്ചത്. ബെഞ്ച്ബലം പരീക്ഷിച്ച മത്സരത്തിലായിരുന്നു തോല്‍വി. തോറ്റെങ്കിലും 10 പോയന്റുമായി ഒന്നാംസ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യാന്‍ കേരളത്തിനായി. കഴിഞ്ഞ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട മിഡ്ഫീല്‍ഡര്‍ മുഹമ്മദ് അഷറിന് ഇന്നത്തെ മത്സരം നഷ്ടമാവും. സൂപ്പര്‍ ലീഗ് കേരളയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അജ്‌സല്‍ കേരളത്തിനായി ഇതുവരെ മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

മുഹമ്മദ് റിയാസ്, വി. അര്‍ജുന്‍, ടി. ഷിജിന്‍ തുടങ്ങിയവരുടെയെല്ലാം മികവിലായിരുന്നു മുന്നേറ്റം. കഴിഞ്ഞ-തവണ ഫൈനലിലെത്തിയ ടീം ബംഗാളിനോട് തോറ്റ് റണ്ണറപ്പായി മടങ്ങുകയായിരുന്നു.

Content Highlights: Kerala Will Face Assam in Santhosh trophy quarter finals

To advertise here,contact us